വൈസ് ചാന്‍സിലർമാർ ചാൻസിലർക്കെതിരെ കേസ് നടത്താൻ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടയ്ക്കണമെന്ന് ഗവർണർ. ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് ഗവർണറുടെ ഉത്തരവ്. വിസിമാർ സ്വന്തം കേസ് സ്വന്തം ചെലവിൽ തന്നെ നടത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാർ ഉടനടി തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യണമെന്നുമാണ് ചാന്‍സിലർ കൂടിയായ ഗവർണറുടെ ഉത്തരവ്.
വിസി നിയമനത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ, ഡിജിറ്റൽ സർവകശാല വിസിമാരെ ഗവർണർ പുറത്താക്കിയിരുന്നു. ഗവർണറുടെ നടപടിക്കെതിരെ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വൈസ് ചാന്‍സിലർമാർ കോടതിയെ സമീപിച്ചിരുന്നു.