കൊയിലാണ്ടി-പേരാമ്പ്ര നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കൊയിലാണ്ടി നഗരസഭയെയും കീഴരിയൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടേരിക്കടവിൽ പാലം നിർമാണം വൈകുന്നു. നിർമാണത്തിന് തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റിന് കിഫ്ബി അനുമതി വൈകുന്നതാണ് തടസ്സം. നേരത്തേ 23.03 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, നിർമാണ സാമഗ്രികളുടെ വില ഉയർന്നതോടെ 29 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായി. പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി ബോർഡിന്റെ അനുമതിവേണം. ഇതിനുള്ള നടപടികൾ നടത്തുന്നുണ്ടെന്നാണ് കാനത്തിൽ ജമീല എം.എൽ.എയുടെ ഓഫീസിൽനിന്ന് അറിയിച്ചത്. 212.5 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റാണ് പാലത്തിനായി സ്ഥലനിർണയം നടത്തിയത്.
നടേരി, വിയ്യൂർ ഭാഗത്ത് പാലത്തിന്റെ സമീപനറോഡ് നിർമാണത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ നാട്ടിയിട്ട് വർഷങ്ങളായി. റോഡ് വിട്ടുനൽകാൻ മുൻകൂട്ടിയുള്ള സമ്മതപത്രം ലഭിച്ചതായാണ് വിവരം. നടേരിക്കടവിൽ പാലം വന്നാൽ നടുവത്തൂർവഴി വരുന്ന വാഹനങ്ങൾക്ക് കൊയിലാണ്ടി നഗരത്തിൽ വേഗമെത്താൻ കഴിയും. മുത്താമ്പി, അരിക്കുളം ഭാഗത്തുള്ളവർക്ക് കൊല്ലം, വിയ്യൂർ ഭാഗത്തേക്ക് പോകാൻ കഴിയുന്ന എളുപ്പപാതയാണിത്. വളരെക്കുറച്ച് വീതി മാത്രമേ ഇവിടെ പുഴയ്ക്കുള്ളൂ. അതിനാൽ അനുമതി ലഭിച്ചാൽ ടെൻഡർ ചെയ്ത് പെട്ടെന്നു തന്നെ പാലം യാഥാർഥ്യമാക്കാൻ സാധിക്കും. എട്ട് സ്പാനുകളായിരിക്കും പാലത്തിനുണ്ടാവുക. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ മധ്യത്തിലുള്ള സ്പാനിന് 55 മീറ്റർ നീളമുണ്ടാവും. മറ്റ് സ്പാനുകൾക്ക് 26 മീറ്ററായിരിക്കും നീളം.
നടേരിക്കടവ് പാലം വരുന്നതോടെ പെരുവട്ടൂർ-നടേരിക്കടവ് റോഡും വികസിപ്പിക്കണം. പത്തുമീറ്ററിലേറെ സ്ഥലസൗകര്യമുണ്ടായിട്ടും ചെറിയ വീതിയിലാണ് ഈ റോഡ് ടാർ ചെയ്തത്.
മികച്ച നിലവാരത്തിൽ റോഡ് വികസിപ്പിച്ചാൽ പെരുവട്ടൂർ, വിയ്യൂർ, നെല്യാടി-മേപ്പയ്യൂർ റോഡുവഴി മുചുകുന്ന്, പുറക്കാടിലൂടെ തിക്കോടി വഴി ദേശീയപാതയിൽ പ്രവേശിക്കാം.