അത്രയൊന്നും ആനന്ദം പ്രദാനം ചെയ്യാതെ ഷൂട്ടൗട്ടിൻ്റെ സമ്മർദ്ദത്തിലേക്ക് കടന്ന സൂപ്പർതാര മത്സരങ്ങൾക്കിടയിൽ ക്രിസ്റ്റ്യാനോക്കും മെസിക്കും മ്പാപ്പെക്കും ഇടയിൽ നടന്ന ഒരു മത്സരം; വിരസമായ മത്സരങ്ങൾക്കിടെ നടന്ന രസകരമായൊരു മത്സരമാണ് ഇന്നലെ രാത്രിയെ കോരിത്തരിപ്പിച്ച് കടന്നുപോയത്.
ഫ്രാൻസ്- പോർച്ചുഗൽ മത്സരത്തിൻ്റെ മുഷിഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച പാതിമയക്കങ്ങളിലൊക്കെയും നാളെകളിലെ കാൽപ്പന്തുകളിയിൽ മാസ്മരികമായി ചുവടുവയ്ക്കുകയും, പച്ച പുൽ മൈതാനികളെ പുളകം കൊള്ളിക്കുകയും ചെയ്യുന്ന ഒരു രാജകുമാരനായിരുന്നു കിനാവുകളിലൂടെ ഓടി നടന്നത്.
മാത്രമോ, ഒരു നോവ് കൂടെ, പാതിമയക്കത്തിൻ്റെ സുഖശീതളിമയിലേക്ക് കുരിശിൽ പിടയുന്ന അഗാധനൊമ്പരം കൂടെ ഇരച്ച് കയറിയതോടെ അറിയാതെ ഞെട്ടിയുണർന്നു പോയി ഞാൻ. സ്റ്റുട്ഗർട്ട് അരീനയിൽ , പാസിംഗ് ഗെയിമിൻ്റെ മനം മയക്കുന്ന വശ്യസൗന്ദര്യം ആവിഷ്ക്കരിച്ച് കൊണ്ട് സ്പാനിഷുകാർ മാടി വിളിച്ച ആദ്യ പകുതി പരിക്കേറ്റ് പെഡ്രി തിരിഞ്ഞ് നടന്നിട്ടും വിലപിക്കാതെ , പകരം എത്തിയ ഓൾമോയുടെ ചേർത്തിണക്കത്തിൽ ലാമിൻ യമാലും , നിക്കോ വില്യംസും ജർമ്മൻ മതിലുകൾ തകർത്ത് ന്യൂയറിനെ പരീക്ഷിച്ചു കൊണ്ടേയിരുന്നു.
കളിക്കളത്തിലെ അഗ്രസീവ്നെസിന് പുകൾപെറ്റ ജർമ്മൻകാർ ഫൗളുകൾ കൊണ്ട് മാത്രം കരുത്തു കാട്ടിയ ഒരാദ്യ പകുതി, ആദ്യ പകുതിയിൽ വിതച്ച വിത്തിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ കൊയ്ത്ത്. സുവർണ്ണ ബാലൻ യമാൽ തളികയിൽ നൽകിയ പാസിന് ഓൾമ്മോയുടെ ബുള്ളറ്റ് ഷോട്ട് ന്യൂയറിനെ കടന്ന് ജർമ്മൻ വല തുളയ്ക്കുന്നു.
ഗ്യാലറിയിലെ ജർമ്മൻ കടലിരമ്പത്തിനിടയിലൂടെ സ്പാനിഷ് മസാലയുടെ തിരയിളക്കം. സാനെയേയും , ഹാവെർട്സിനെയും പോലെ ചാറി ചാറി പെയ്യുന്ന മഴത്തുള്ളികൾക്ക് പകരം നാഗൽസ്മാൻ രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിർട്സ്, ഫുൾക്കർഗ്, മുള്ളർ എന്നിവരിലൂടെ കാൽപ്പനികതയുടെ ജർമ്മൻ മഴപ്പെയ്ത്തിന് തുടക്കമിടുന്നു.
അവിടം മുതൽ സ്റ്റുട്ഗർട്ട് അരീനക്ക് തീപ്പിടിക്കുന്നു. കാൽപ്പന്തു കളിയെ കോരിത്തരിപ്പിക്കുന്ന സവിശേഷമായ ജർമ്മൻ കൗണ്ടർ അറ്റാക്കുകളുടെ പ്രളയ മഴയിൽ കാളപ്പോരുകാർ ഉലഞ്ഞു പോവുന്നു. പ്രതിഭയിൽ തുളുമ്പിയിട്ടും പ്രായം മൂക്കാത്ത പയ്യനെ തിരിച്ചു വിളിച്ചതിനൊപ്പം, വിംഗിൽ തീപ്പൊരി വിതറിയ നിക്ക് വില്യംസിനെ കൂടി തിരിച്ചു വിളിച്ച വേളയിലായിരുന്നു നാഗൽസ്മാൻ്റെ ചൂതാട്ടം എന്നത് ജർമ്മൻ ആവേശത്തിന് ഇരട്ടി വീര്യം പകർന്നു.
കാത്തിരുന്ന സമനില ഗോളുമായി ഫ്ലോറിയൻ വിർട്സ് മത്സരത്തെ എക്സ്ട്രാ ടൈമിലേക്കും , നമ്മളെ മാസ്മരികതയുടെ സ്വർഗ്ഗത്തിലേക്കും കൊണ്ടു പോയി. റൂഡിഗറും,ക്രൂസും , ഫുൾക്കർഗും, വിർട്സും , മുസിയാലയും കാടിളക്കി കുതിച്ചിട്ടും അതെല്ലാം നിർഭാഗ്യങ്ങളുടെ നിലയില്ലാകയങ്ങളിലേക്ക് വീണു പോയി. ഒപ്പം മുസിയാലയുടെ ഷോട്ട് കുർക്കുറെയുടെ കൈകളിൽ തട്ടി എന്നത് വ്യക്തമായിട്ടും കണ്ടില്ലെന്ന് നടിച്ച റഫറി ആൻ്റേഴ്സൻ്റെ നിസംഗതയും കൂടി ആയപ്പോൾ ഇന്നലത്തെ രാത്രി ജർമ്മൻ സാഗരത്തിൽ കണ്ണീർച്ചാലുകൾ പടർന്നു.
വമ്പൻ മത്സരങ്ങളുടെ പരുക്കൻ കളിയുടെ പരിസമാപ്തിയിൽ കാർവജലാൻ്റെ ചുവപ്പ് കാർഡിനിടയിലും മരീനോ സ്പെയിനിനെ വിജയത്തിലേക്ക് നയിച്ചു. ഏറ്റവും മികച്ച ഇലവനെ ആദ്യ നിമിഷം തൊട്ടെ കളത്തിലിറക്കാത്ത ജർമ്മൻ കോച്ചിൻ്റെ തന്ത്രങ്ങളുടെ കൂടെ പരാജയമായിരുന്നു ഇന്നലെത്തെത്. രണ്ടാം പകുതി തൊട്ട് ജർമ്മനി നടത്തിയ അഗ്രസീവ് ഫുട്ബോൾ ആണ് ആരാധകരും , ലോകവും അവരിൽ നിന്നും ആഗ്രഹിക്കുന്നത്.
തോൽവിയിലും തലകുനിച്ച് നിൽക്കാം ജർമ്മൻസ് നിങ്ങൾക്ക്. പത്തുവർഷങ്ങൾക്കിപ്പുറം ഒരു വലിയ കിരീടം കൂടി മോഹിച്ച് തിരിച്ചെത്തി മനോഹരമായി പന്തു തട്ടി വഴികാട്ടിയിട്ടും ഏറ്റ പരാജയം ടോണി ക്രൂസ് എന്ന മിഡ് ഫീൽഡ് ജനറലിനെ തളർത്തിയിരിക്കാം, വേദനിപ്പിച്ചിരിക്കാം. എങ്കിലും ആ പന്തടക്കവും, ഭാവന സമ്പന്നമായ പന്തൊഴുക്കിൻ്റെ കൗശലങ്ങളും ആയി ഫുട്ബോൾ പ്രേമികൾക്ക് നിങ്ങൾ രോമാഞ്ചമേകി പ്രിയ ക്രൂസ്!
വിരസമായ മത്സരങ്ങൾക്കിടയിലെ ജർമ്മൻ കുതിപ്പും യമാൽ – വില്യംസ് – ഓൾമോ തുടിപ്പുകൾ തീർത്ത സ്പാനിഷ് മസാലയും കൊണ്ട് ധന്യമായ ഒരു രാവ്. ഹാളണ്ട് – മ്പാപ്പെ – വിനീഷ്യസ് തർക്കങ്ങൾക്കിടയിലേക്ക് ഒരു ബല്ലിംഗാം ഇരച്ചെത്തവെ, ഇതുവരെ കാൽപ്പന്തുകളിയെ കോരിത്തരിപ്പിച്ചവൻ സാക്ഷാൽ ലയണൽ മെസിയെങ്കിൽ അവനെ പ്രിയപ്പെടുന്ന രണ്ടു പേർ- ജമാൽ മുസിയാലയും, ലാമിൻ യമാലും കൂടി ചേരുന്ന മഹത്തായ പ്രതിഭായുദ്ധങ്ങൾ കൂടിയാവട്ടെ വരും നാളുകളിലേത്.
വിപിൻദാസ് മതിരോളി