കോഴിക്കോട് നഗരത്തിൽ അടുത്തിടെ ഉണ്ടായ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ബി. ഷെഫീക്കിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലയിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥർ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾളുടെ വേഗപ്പൂട്ട് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി. അതോടൊപ്പം പല വാഹനങ്ങളുടെയും എമർജൻസി വാതിലുകൾ തടസ്സപ്പെടുത്തി കൊണ്ട് സീറ്റുകൾ പിടിപ്പിച്ചിരിക്കുന്നതായും നിരോധിക്കപ്പെട്ട എയർ ഹോണുകൾ , ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിരിക്കുന്നതും കണ്ടെത്തി.
ഗുരുതരമായ തകരാറുകൾ കണ്ടെത്തിയ ആറ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു. തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾ എത്രയും വേഗം അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രം സർവീസ് നടത്തുവാൻ ആർ . ടി. ഒ നിർദ്ദേശം നൽകി. വരുന്ന ദിവസങ്ങളിൽ പരിശോധന ഇനിയും കർശനമായി തുടരും എന്നും ആർ. ടി. ഒ അറിയിച്ചു.