പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരപ്പാറ പട്ടികജാതി ഗ്രാമത്തില്‍ തുടക്കമായി. പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അംബേദ്കര്‍ ഗ്രാമം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ ഗ്രാമങ്ങളില്‍ നഗരസമാനമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ അവയുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം (6.5 ലക്ഷം രൂപ), കിടങ്ങത്തുതാഴം കമ്മ്യൂണിറ്റി ഹാള്‍ റോഡ് ഉള്‍പ്പെടെ മൂന്ന് റോഡുകളുടെ നിര്‍മാണം (11.49 ലക്ഷം), അഞ്ച് ഫൂട്പാത്തുകളുടെ നിര്‍മാണം (11.28 ലക്ഷം), ഓവുചാല്‍ പദ്ധതി (6.74 ലക്ഷം), വിജ്ഞാന്‍ വാടി, സാംസ്‌ക്കാരിക നിലയം എന്നിവയുടെ അറ്റകുറ്റപ്പണികള്‍, വൈദ്യുതീകണം (13 ലക്ഷം), 12 വീടുകളുടെ അറ്റകുറ്റപ്പണികള്‍ (13 ലക്ഷം), കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വാട്ടര്‍ ടാങ്ക്, കിണര്‍ എന്നിവയുടെ നവീകരണം (7.29 ലക്ഷം) എന്നീ പ്രവൃത്തികളാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
പരപ്പാറ പട്ടികജാതി ഗ്രാമം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി ഓഫീസര്‍ കെപി ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സീന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി എം രാമചന്ദ്രന്‍, ഗീത, പഞ്ചായത്ത് മെമ്പര്‍ റസിയ തട്ടാരിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി ശിവശങ്കരന്‍, സന്തോഷ്, ആര്‍ ബിനീഷ്, ചന്ദ്രന്‍ നായര്‍, ടി എം വത്സല എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെംബര്‍ കെ വി ഗിരീഷ് സ്വാഗതവും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം എന്‍ ബാബുരാജന്‍ നന്ദിയും പറഞ്ഞു.