ക്യാമ്പസ് രാഷ്ട്രീയത്തെ ഗുണ്ടായിസം വളർത്താനുള്ള ഇടമായി കണ്ടുവരുന്ന എസ്.എഫ്.ഐയുടെ പ്രവർത്തന ശൈലിയിൽ ഇനിയും മാറ്റം വന്നിട്ടില്ലെന്നത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിന് നേരെ നടന്ന കയ്യേറ്റവും കൊലവിളിയുമെന്ന് എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. തോൽവികളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തങ്ങൾ ഒരുക്കമല്ലെന്ന സന്ദേശമാണ് എസ്.എഫ്.ഐ നൽകുന്നത്. മറ്റു വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ പ്രവർത്തിക്കാനോ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പോലും അനുവദിക്കാതെ എസ്.എഫ്.ഐ ഗുണ്ടാരാജ് നിലനിൽക്കുന്ന ഇടിമുറികളുള്ള ക്യാമ്പസുകൾ കേരളത്തിൽ ഇനിയും ബാക്കിയാണ്.
പ്രിൻസിപ്പലിൻ്റെ കസേര കത്തിച്ചും, പ്രിൻസിപ്പലിന് കുഴിമാടം തീർത്തും ശീലമുള്ള എസ്.എഫ്.ഐയുടെ ഹീനമായ രാഷ്ട്രീയ ചരിത്രത്തിൻ്റെ തുടർച്ചയായി ഗുരുദേവ കോളേജിലെ അക്രമവും പരിഗണിക്കണം. ഗുണ്ടാ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷിബിൽ പുറക്കാട് ജനറൽ സെക്രട്ടറി സിഫാദ് ഇല്ലത്ത് ട്രഷറർ ഫർഹാൻ പൂക്കാട് എന്നിവർ പറഞ്ഞു.