കൊയിലാണ്ടി: കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സിനും,മംഗളൂര് -കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു. ദീര്‍ഘകാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന കാര്യമാണിത്.
കൊയിലാണ്ടി സ്‌റ്റേഷനില്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ നിര്‍ത്താതെ പോകുന്നത് യാത്രക്കാര്‍ക്ക് വലിയ തോതിലുളള പ്രയാസമാണ് ഉണ്ടാക്കുന്നത്.
കോഴിക്കോടിനും വടകരയ്ക്കും ഇടയിലുളള പ്രധാന സ്റ്റേഷനാണ് കൊയിലാണ്ടി. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കൊയിലാണ്ടി താലൂക്കിന്റെ ആസ്ഥാനമാണിത്. ഇവിടെ ഇന്‍ര്‍സിറ്റിക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് കോഴിക്കോടും വടകരയിലും ഈ വണ്ടികള്‍ നിര്‍ത്തുന്നുണ്ടെന്ന കാരണം പറഞ്ഞാണ്.
കൊയിലാണ്ടിയില്‍ നിന്ന് വടകരയിലേക്കും കോഴിക്കോട്ടേക്കും 25 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്.
ഇവിടെ ഇന്‍ര്‍സിറ്റി നിര്‍ത്താത്തത് കാരണം ഒന്നുകില്‍ കോഴിക്കോടോ,അല്ലെങ്കില്‍ വടകരയിലോ യാത്രക്കാര്‍ ഇറങ്ങണം. എന്നിട്ട് ബസ്സ് മാര്‍ഗ്ഗം കൊയിലാണ്ടിക്ക് എത്തണം. ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് ഒരു മണിക്കുളള മംഗലാപുരം കോയമ്പത്തൂര്‍ പാസഞ്ചര്‍ വണ്ടി കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ പിന്നീട് 4.40നുളള മംഗലാപുരം -ചെന്നൈ മെയില്‍ മാത്രമാണ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത്. ഇതിനിടയിലുളള നാലഞ്ചു മണിക്കൂര്‍ നേരം കൊയിലാണ്ടിയില്‍ ഒരു വണ്ടിയും നിര്‍ത്തുന്നില്ല.
ഇതിനിടയിലാണ് മംഗലാപുരം -കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും,കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും കൊയിലാണ്ടിയെ പരിഗണിക്കാതെ കടന്നു പോകുന്നത്. തിരുവനന്തപുരം-ലോകമാന്യ തിലക്(മുംബൈ)നേത്രാവതി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ കെ.മുരളീധരന്‍ എം.പിയായിരിക്കെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടുരുന്നു.
ഇന്റസിറ്റി എക്‌സ്പ്രസ്സുകളും നേത്രാവതി എക്‌സ്പ്രസ്സും കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ തന്നെ ധാരാളം യാത്രക്കാര്‍ ഈ സ്റ്റേഷനില്‍ വണ്ടി കയറാനെത്തും. സ്റ്റേഷന്റെ വരുമാനം കൂടുകയും ഗ്രേഡ് ഉയരുകയും ചെയ്യും. അതോടെ സ്‌റ്റേഷന്റെ വികസനവും വേഗത്തിലാവും. വരുമാനവും ഗ്രേഡും കൂടിയാല്‍ മറ്റ് വണ്ടികള്‍ നിര്‍ത്തുന്ന കാര്യവും റെയില്‍വേ പരിഗണിക്കും.
നേത്രാവതി,വെസ്റ്റ്‌കോസ്റ്റ്,ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നീ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക,അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും വികസിപ്പിക്കുക,മുഴുവന്‍ സമയ റി.ര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക,പന്തലായനി എച്ച്.എസ്.എസ്സിന് സമീപം ഫൂട്ട് ഓവര്‍ ബ്രിഡജ് അനുവദിക്കുക തുടങ്ങിയവയാണ് പ്രദാന ആവശ്യങ്ങള്‍.