പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 മെട്രോ സ്റ്റേഷനുകളാണ് ദുബായിലുള്ളത്. അടുത്ത ആറുവർഷത്തിനകം ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ആകും.
നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ മെട്രോ സ്റ്റേഷനുകൾ നിർമിക്കാനുള്ള പൊതുഗതാഗത വികസനപദ്ധതിയുടെ ഭാഗമായി 2040-ഓടെ 228 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് 140 മെട്രോ സ്റ്റേഷനുകൾ യാഥാർഥ്യമാക്കുന്ന വമ്പൻ വികസനപദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്.
പൊതുഗതാഗതസൗകര്യങ്ങളും സാമ്പത്തിക അവസരങ്ങളും വർധിപ്പിക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയുമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. മെട്രോ സ്റ്റേഷനുകൾക്കുചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും പദ്ധതി നിർണായകമാകും. ’20 മിനിറ്റ് നഗരം’ എന്ന എമിറേറ്റിന്റെ കാഴ്ചപ്പാടിനനുസൃതമായി മെട്രോ സ്റ്റേഷനുകൾക്കുചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്.
പൊതുഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ പ്രതിവർഷം 16 ടണ്ണായി കുറയ്ക്കുക, നടപ്പാതകളുടെ നിലവാരം മെച്ചപ്പെടുത്തുക, തണൽ പ്രദേശങ്ങൾ വർധിപ്പിക്കുക, മെട്രോ സ്റ്റേഷനുകൾക്കുചുറ്റുമുള്ള താമസ, വാണിജ്യ, സേവനമേഖലകൾ വർധിപ്പിക്കുക എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ദുബായ് മെട്രോയിൽ നീല ലൈൻ ഉൾപ്പെടുത്തിയുള്ള വിപുലീകരണത്തിന് കഴിഞ്ഞ നവംബറിൽ അംഗീകാരം നൽകിയിരുന്നു. 1800 കോടി ദിർഹം ചെലവിൽ 30 കിലോമീറ്റർ നീളത്തിലാണ് പുതിയ റെയിൽപാത നിർമിക്കുക. മിർദിഫ്, ഇന്റർനാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ
വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസേവനങ്ങൾ ലഭ്യമാക്കും. 30 കിലോമീറ്റർ റെയിൽ പാതയുടെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉപരിതലത്തിലുമായാണ് നിർമിക്കുക.