മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയിടാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തത്. സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസത്തിനകം മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയില്ലെന്നതാണ് പുതിയ മാറ്റം. നമ്പര്‍ മാറാതെ തന്നെ ടെലികോം കണക്ഷന്‍ മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറുന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് സിം മാറിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സിം പ്രവര്‍ത്തനരഹിതമായാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകാന്‍ ഉപയോക്താവിന് പെട്ടെന്ന് സാധിക്കില്ല. ഈ സൗകര്യവും തട്ടിപ്പുകാര്‍ മുതലെടുക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രായ് നടപടികള്‍ കടുപ്പിച്ചത്. പുതിയ ചട്ടങ്ങള്‍ പ്രകാരം, മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് യൂണിക് പോര്‍ട്ടിങ് കോഡില്‍ (യുപിസി) വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ അപേക്ഷകന് ലഭിക്കുന്ന കോഡാണ് യുപിസി അതുകൊണ്ട് ഈ കോഡുകള്‍ നിയന്ത്രിക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്.