ദേശീയ പാതയിൽ, ചോമ്പാൽ മീത്തലെ മുക്കാളി ഇന്നുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണ്. ഒരു വലിയ ദുരന്തം ഒഴിവായി എന്ന് മാത്രം.
ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കപ്പെട്ടിരിക്കയാണ്. ഇത്രയും നിരുത്തരവാദപരമായി ഒരു സ്വകാര്യ നിർമ്മാണ കമ്പനി എങ്ങിനെയാണ് പ്രവർത്തിക്കുന്നത്. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള മേഖലയിൽ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി കൊണ്ടിരിക്കുന്നു.
മൺസൂൺ തുടങ്ങിയതോടെ ദേശീയപാത വെള്ളക്കെട്ട് മൂലം പൂർണ്ണമായും തകർന്നിരിക്കയാണ്. ദേശീയ പാത അതോറ്റിക്കും സംസ്ഥാന ഗവൺമെൻ്റിനും ഈ അനാസ്ഥ കണ്ടിട്ടില്ലെന്ന് നടിച്ചു കൊണ്ട് പോകാനാവില്ല. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള നിർമ്മാണ പ്രവർത്തനം ആകെ താളം തെറ്റിയിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃത സമീപനം ജനങ്ങളോടുള്ള ക്രൂരമായ അനീതിയും വെല്ലുവിളിയാണ്. ചോമ്പാലിൽ ഇന്ന് കാലത്തുണ്ടായ മണ്ണിടിച്ചിൽ ഗൗരവപൂർവം കണ്ട് നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയാണ് വേണ്ടത്.
സഞ്ചാര സ്വാതന്ത്ര്യം ഒരു പൗരൻ്റെ മൗലികാവകാശമാണെന്ന സത്യം മറക്കരുത്. നിർമ്മാണ പ്രവർത്തനം ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സർക്കാറും സത്വര നടപടികൾ സ്വീകരിക്കണം.