കർണാടക ആരോഗ്യവകുപ്പ് തട്ടുകടകളിൽ വിൽപ്പനയ്ക്ക് വച്ച പാനിപൂരി സാമ്പിളുകൾ പരിശോധിച്ചതിനെ തുടർന്ന് ലഭിച്ചത് ഞെട്ടിക്കുന്ന ടെസ്റ്റ് റിസൾട്ടുകൾ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ 22 ശതമാനം സാമ്പിളുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം ശേഖരിച്ച 260 സാമ്പിളുകളിൽ 41 സാമ്പിളുകളിൽ കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമാകുന്ന കാർസിനോജെനിക് ഘടകങ്ങളും കണ്ടെത്തി. മറ്റ് 18 സാമ്പിളുകൾ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് തെളിഞ്ഞു.
തെരുവുകളിൽ വിളമ്പുന്ന പാനി പൂരിയുടെ ഗുണനിലവാരത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന പാനിപൂരിയ്ക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ കേരളത്തിലും പരിശോധന വേണമെന്ന ആവശ്യം ശക്തമാകുകയാണ്.