വിപിൻദാസ് മതിരോളി
മൂന്നു വട്ടം തന്നിൽ നിന്നും അകന്നു പോയ അന്തിമ വിജയം എന്ന ചിരകാല സ്വപ്നത്തിനരികിൽ ഒരിക്കൽ കൂടി എത്തിയ നായകൻ, അണപൊട്ടിയൊഴുകിയ തൻ്റെ വികാരങ്ങളെ മിഴിനീർ ചാലുകളായി തൂവിയ നിമിഷങ്ങളിൽ ഒന്നര പതിറ്റാണ്ടായി തൻ്റെ ജീവരക്തം ഇന്ത്യൻ ക്രിക്കറ്റിനായി ഊറ്റി നൽകിയൊരു നായകൻ ഒരു തൂവാല പോലെ ആ അശ്രുകണങ്ങളെ ഒപ്പിയെടുക്കുന്ന പോലൊരു സമാശ്വാസപ്പെടുത്തൽ.
ഇന്നത്തെ രാത്രിയെ കിനാവ് കാണുവാൻ ഇങ്ങനെ ഓരോ ഇന്ത്യക്കാരനുമുണ്ടാവാം ഇതു പോലെ ഓരോ സുന്ദര ചിത്രങ്ങൾ. ഇന്ന് ബാർബഡോസിസിലെ കെൻസിംഗ്ടൺ ഓവൽ ബ്രിഡ്ജ്ടൗണിലെ മൈതാനിയിൽ പോരാളികളിരുവർക്കുമായി കൂട്ടുകാർ അതി മനോഹരമായ ഒരു സിംഫണി തന്നെ ഒരുക്കുമെന്നാണ് നമ്മൾ ഓരോ ഇന്ത്യക്കാരൻ്റെയും നിറമുള്ള സ്വപ്നങ്ങളിലെ ഛായക്കൂട്ടുകളിൽ നിന്നും ചിതറിത്തെറിച്ച ചിത്രങ്ങളിലൂടെ വർണ്ണപ്പൊലിമയേറി നിൽക്കുന്നത്.
കഴിഞ്ഞ 5 T20 ലോകകപ്പുകളിലും കാണാത്ത ഒരു വിരാട് തൊട്ടു മുമ്പു കഴിഞ്ഞ ഏകദിന ലോകകപ്പിലും, IPL ലും റൺസിലെ മുമ്പനായി വമ്പനായ വിരാട്, കഴിഞ്ഞ 7 മത്സസരങ്ങളിലും അസ്ത്രങ്ങളില്ലാത്ത ആവനാഴിയുമായി, നിരായുധനായി, നിസ്സഹയാനായി നിൽക്കുന്ന ആ ദയനീയ കാഴ്ച….
എത്ര സങ്കടകരമാണത്, ഇത്രയും കാലം തങ്ങൾക്കായി എല്ലാം അർപ്പിച്ച തങ്ങളുടെ സൂപ്പർ താരം, ഇത്രയും കാലം അയാളായിരുന്നു എല്ലാം സൃഷ്ടിച്ചു കൊണ്ടേയിരുന്നത്. അയാളുടെ ദൈന്യതയിൽ കൂടെ ചേർത്ത് നിർത്തി തങ്ങളുടെ ജീവരക്തം ഒഴുക്കിയും ജയിച്ച് കയറേണ്ടവരായിരിക്കണം ഇന്ന് കൂടെ ഫൈനലിൽ അയാൾക്കൊപ്പം കളത്തിലിറങ്ങേണ്ടവർ. അത്രയെങ്കിലും കാലം അയാൾക്കായി കാത്തു വയ്ക്കേണ്ടതുണ്ട്, ചേർത്ത് പിടിക്കേണ്ടതുണ്ട് !
ജസ്പ്രീത് ബുമ്രയെ പോലെ അസാമാന്യനായ ഒരു പ്രതിഭ ഒരു ലോക കിരീടം അർഹിക്കുന്നുണ്ട്. എന്തൊരു സ്ഥിരതയാണയാളുടെ പ്രകടനങ്ങൾക്ക്. ആധിപത്യത്തിൻ്റെ സ്ഥായിയായ ഭാവത്തോടെ ഒരു ബൗളർ മുമ്പ് ഒരു കാലത്തും ഇന്ത്യൻ ക്യാമ്പിൽ ഇത്രയേറെ ആത്മവിശ്വാസം പ്രകടപ്പിച്ചു കണ്ടിട്ടില്ല.
വിരാട് കോലി എന്ന ഇന്ത്യൻ വിജയങ്ങളുടെ സൃഷ്ടി കർത്താവിൻ്റെ കാലത്ത് മധ്യഘട്ടത്തിൽ കൂടെ ചേർന്ന ജസ്പ്രീത് യഥാർത്ഥത്തിൽ ഒരു വിനാശകാരി തന്നെയാണ്. എതിരാളികളെ മുച്ചൂടും മുടിക്കുന്ന സംഹാര മൂർത്തിയായി ഇന്ന് ജസ്പ്രീതിനെ നമുക്ക് കാണുവാനാണ് മോഹം. സംഹാര താണ്ഡവനടനമാടുന്ന ചലനങ്ങളോടെ ഓടിയടുക്കുന്ന പന്തുകൾ ഇന്ന് ഡിക്കോക്കിൻ്റെയും, ക്ലാസൻ്റേയും നേർക്ക് തീ തുപ്പട്ടെ !
2007 ലെ ആദ്യ T20 ഇന്ത്യ നേടിയപ്പോൾ ക്വാർട്ടറിൽ ഇന്ത്യക്ക് SA ആയിരുന്നു എതിരാളികൾ. ഇംഗ്ലണ്ടിനെതിരെ ഉയർന്ന കോപവർഷം സിക്സറുകളായി പെയ്തു നിറച്ച സാക്ഷാൽ യുവരാജ് സിംഗ്, പരിക്കേറ്റ് ക്വാർട്ടറിൽ കളിക്കില്ലെന്നത് എല്ലാ പ്രതീക്ഷകളേയും അന്ന് തല്ലിതകർക്കുന്നതായിരുന്നു. എന്നാൽ പകരം വന്ന വേഷക്കാരൻ്റെ ബാറ്റിൽ നിന്നും റൺസുകൾ അനസ്യൂതം പ്രവഹിച്ചതോടെ ഇന്ത്യ സൗത്ത് ആഫ്രിക്കയെ പൊരുതി തോൽപ്പിച്ച് സെമിയിൽ കടന്നു. ആ കപ്പ് തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഏക T20 ലോക കിരീടം.
അന്നത്തെ വിജയത്തിൽ യുവരാജിനും, ഗംഭീറിനും, ഇർഫാനും, ഉത്തപ്പക്കും , RP സിംഗിനും, ശ്രീശാന്തിനും, സെവാഗിനും , ഹർഭജനും, ധോനിക്കുമൊപ്പം ക്രെഡിറ്റ് നൽകേണ്ട മറ്റൊരാൾ. അന്നത്തെ ക്വാർട്ടർ ഫൈനലിലെ ആ രക്ഷകൻ, സാക്ഷാൽ ഹിറ്റ് മാൻ എന്ന ഒരേയൊരു രോഹിത് ശർമ്മ.
കഴിഞ്ഞ നവംബറിൽ അഹമ്മദാബാദിലെ വേദിയിൽ തൻ്റെ ചിരകാല സ്വപ്നങ്ങളെ ഓസ്ട്രേലിയക്കാർ സുനാമി പോലെ കൊടുങ്കാറ്റായി വന്ന് തിരതല്ലി തച്ചുടച്ചപ്പോൾ
ഒരു ലക്ഷത്തിലേറെ വരുന്ന ഹൃദയസരസ്സുകളിൽ നിന്നും ഒഴുകി വന്ന സംഗീതത്തെ അധരങ്ങളിൽ നിന്നും മുത്തു പൊഴിച്ച ആ ദിവ്യ സംഗീതത്തെ ഇന്ത്യ ഇന്ത്യ ഇന്ത്യ
ഹൃദയ സംഗീതത്തെ തന്നെ പാറ്റ് കമ്മിൻസും സംഘവും ഒരു വേള നിശബ്ദരാക്കി കളഞ്ഞപ്പോൾ ഹൃദയം തകർന്നു പോയൊരു മനുഷ്യൻ. അയാളാണിന്ന് ഉറങ്ങി കിടന്ന ഒരു ലോകകപ്പിനെ പോലും ഉണർത്തി പുതുജീവൻ നൽകിയത്. അമേരിക്കൻ നാടുകളിൽ നടാടെ ഒരു ലോകകപ്പെത്തിയപ്പോൾ ക്രിക്കറ്റിനോട് ദിവ്യനുരാഗം അങ്കുരിച്ച നവ ക്രിക്കറ്റ് പ്രേമികളെ കാത്തിരുന്നവർ തന്നെ ജീവനില്ലാത്ത മത്സരഫലങ്ങളും, റൺസൊഴുകാത്ത പിച്ചുമായി ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പ് എന്ന് വിധി എഴുതാൻ ലിപികൾ ചലിപ്പിക്കവെ ആണ് വിശ്രുതമായ ആ ഇന്നിംഗ്സ് പിറവി കൊണ്ടത്. തൻ്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച ഓസ്ട്രേലിയക്ക് മേൽ തീക്കാറ്റ് പോലെ പടർന്ന് കയറിയ ആ ഒരിന്നിംഗ്സ് വറ്റി വരണ്ട അംഗരാജ്യത്തിലേക്ക് ഋഷ്യശൃംഗൻ്റെ പാദ സ്പർശമേറ്റ് പെയ്തിറങ്ങിയ മോഹമഴ പോലെയായിരുന്നു ആ ബാറ്റിൽ നിന്നും സിക്സറുകൾ പെയ്തിറങ്ങിയത്. ആ ഇന്നിംഗ്സ് കണ്ട ഓരോ ക്രിക്കറ്റ് പ്രേമിയുടേയും ഹൃദയങ്ങൾ രാഗതരളിതമായി യൂറോയുടേയും കോപ്പയുടേയും ആവേശപന്തുരുളുന്നതിനിടയിലും ആ ക്രിക്കറ്റ് ബാറ്റിൽ നിന്നും അനുപമമായി ഒഴുകിയ ഓരോ ഷോട്ടിൻ്റെയും അനുരാഗ മലരേറ്റ് അവരോട് അറിയാതെ അറിയാതെ പാടി പോയി….
മഴ കാത്തു കഴിയുന്ന മനസ്സിൻ്റെ
വേഴാമ്പൽ ഒരു മാരിമുകിലിനെ
പ്രണയിച്ചു പോയി
തൻ്റെ ബാറ്റിംഗിൻ്റെ അഭൗമ സൗന്ദര്യം ആരാധകരുടെ ഹൃദയങ്ങളിലേക്ക് ആവാഹിച്ച മാന്ത്രികനെ പോലെ അയാളും ആസ്വദിച്ചിരിക്കണം ആ സംഗീത സുഗന്ധത്തെ സുദർശന ചക്രം പോലെ തൻ്റെ ബാറ്റിനാൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ സ്ഥിതി പരിപാലനം നടത്തുന്ന അയാളുടെ സ്വപ്നങ്ങൾക്കൊപ്പമാണ് നാം ഓരോരുത്തരുടേയും ഇന്നത്തെ യാത്ര.
ശുദ്ധമായ താള സംക്രമണം പോലെ അലൗകിക സൗന്ദര്യമായി ജ്വലിച്ച് നിൽക്കുന്ന ഒരു ടീമിൽ ശ്രുതി ചേരാതെ ഒറ്റപ്പെട്ട ശബ്ദമായി പോവുന്നു പലപ്പോഴും ശിവം ദുബെ ശിവം ദുബെക്ക് പകരം സഞ്ജു സാംസൺ ഫൈനലിൽ കാലെടുത്തു വയ്ക്കുക എന്നൊരു സ്വപ്നം കൂടി മലയാളികൾക്കപ്പുറം ഭൂരിപക്ഷം കളി പ്രേമികളും മൗനമായി ആഗ്രഹിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
വിജയിച്ച ഇലവനെ മാറ്റിയാൽ ലക്ഷണക്കേട് എന്ന ചിരന്തനമായ ചിന്തകൾ ചിലന്തിവല പോലെ പിന്തുടരുന്ന ഒരു ടീമിൻ്റെ പിന്നണിയിൽ നിന്നും അത്തരമൊരു നീക്കം പ്രതീക്ഷിക്കാൻ വക ഉണ്ടോ എന്നത് മാത്രമാണ് ഒരു ദുരന്തം പോലെ വേട്ടയാടി കൊണ്ടിരിക്കുന്നത്. ഓരോ ഡബിൾ സെഞ്ചുറിയും തൻ്റെ പ്രിയതമക്ക് നേരെ ചുംബനമായി തൊടുത്തു വിടുന്നു രോഹിത്. ആ അനുരാഗ മലരേറ്റു വാങ്ങി ആർദ്രമിഴികളോടെ സ്നേഹസ്പർശം തിരിച്ച് നൽകുന്നുമുണ്ട് റിതിക ഫുട്ബോളിൽ മെസ്സിയും പ്രിയ സഖി അൻ്റോണല്ലയും പോലെ ഹൃദയങ്ങളിലേക്ക് ഈറനുണർത്തി പടരുന്ന ഒരു സ്നേഹ കാഴ്ച്ചയാണ് രോഹിതും – റിതികയും അതി മനോഹരമായൊരു ക്ലൈമാക്സ് ഈ സ്നേഹക്കാഴ്ച്ചക്ക് ഇന്നത്തെ ദിവസം മഴവിൽ ചാരുത നൽകുമോ?
വികാര സമുദ്രം പോലെയത്രെ ഇന്ത്യൻ നായകൻ! പ്രശാന്തമായും എന്നാൽ ഇടക്കിടെ പ്രക്ഷുബ്ധമായും തഴുകിയും, തിരതല്ലിയും കടന്ന് പോവുന്ന ഒരു ദിനരാത്രമായിരിക്കും ഇന്ത്യൻ നായകന് കോഴിഞ്ഞ് പോയിരിക്കുക.
ഇന്ത്യൻ നായകൻ്റെ ചിരകാല സ്വപ്നം! ഓരോ ഇന്ത്യക്കാരൻ്റെയും നാളുകളായുള്ള കാത്തിരിപ്പ് ! എല്ലാമെല്ലാം സുന്ദരമായി മാത്രം പര്യവസാനിക്കുന്ന അഭംഗുരമായൊരു സുന്ദര ഫലം ആവട്ടെ ഇന്ന് പ്രതിഫലിക്കുന്നത്.
ഏറെ ആശയോടെ, ആർദ്രമായൊരു ഹൃദയത്തോടെ, സ്നേഹ സാന്ദ്രമായൊരു സ്വപ്നത്തിൻ്റെ വർണ്ണത്തേരിലേറി, കാത്തിരിക്കാം നമുക്ക്. സൃഷ്ടി – സ്ഥിതി – സംഹാരം പോലെ, വിരാട് – രോഹിത് – ബുമ്രമാർക്കൊപ്പം, ഇന്ത്യൻ കൂട്ടുകാർ ഒരുക്കുന്ന ഒരു അഴകൊഴമ്പൻ ജുഗൽ ബന്ദി പോലൊരു ഫൈനൽ കാഴ്ച്ചക്കായുള്ള കാത്തിരിപ്പ്!