പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). അറിയാതെയാണെങ്കിലും ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഡബ്ല്യൂ.എച്ച്.ഒ നൽകുന്നു.
നോവോ നോർഡിസ്ക് പുറത്തിറക്കുന്ന ഒസെംപിക് എന്ന മരുന്നിന്റെ വ്യാജനാണ് വ്യാപകമായി വിപണിയിലെത്തുന്നത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മരുന്നുകളിലൊന്നാണിത്. മറ്റു പ്രമേഹ മരുന്നുകളെ അപേക്ഷിച്ച് വിലയും കൂടുതലാണ്.
വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗികളുടെ ആരോഗ്യനില വഷളാക്കാനിടയാക്കും. വ്യാജ മരുന്നുകളിൽ അടങ്ങിയിട്ടുള്ള അപകടകരമായ ചേരുവകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇവയിൽ രോഗം ശമിപ്പിക്കാനുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകില്ല. ഇത് പാർശ്വഫലമുണ്ടാക്കുന്നതിനൊപ്പം രോഗം മൂർച്ഛിക്കാനും ഇടയാക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. ഓൺലൈനിലും മറ്റും മരുന്നുകൾ വാങ്ങുമ്പോൾ സൂക്ഷ്മമായ പരിശോധന നടത്തണമെന്നും സംശയം തോന്നിയാൽ ഡോക്ടറെ സമീപിച്ച് ഉറപ്പുവരുത്തണമെന്നും ഡബ്ല്യൂ.എച്ച്.ഒ നിർദേശിക്കുന്നു.