സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നൽകിയതായി മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കും. കെ സ്റ്റോർ പദ്ധതി വഴി വ്യാപാരികളുടെ വരുമാനം വർധിപ്പിക്കാനും ഗ്രാമീണമേഖലയിൽ റേഷൻകടകൾ ശക്തിപ്പെടുത്താനും സാധിച്ചു.
റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലെ അംഗത്വം സമയബന്ധിതമായി പുതുക്കാൻ സാധിക്കാത്ത റേഷൻ വ്യാപാരികൾക്ക് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്ക് പിഴപ്പലിശ ഒഴിവാക്കി അംഗത്വ ഫീസ് മാത്രം അടച്ചു അംഗത്വം പുന:സ്ഥാപിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 1082 കേസുകളാണ് അദാലത്തിൽ പരിഹരിക്കുക. റേഷൻ വ്യാപാരികളുടെ മെയ് മാസത്തെ കമ്മീഷൻ ജൂൺ 29 മുതൽ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ കെ കെ, റേഷൻ വ്യാപാരി ക്ഷേമനിധി അംഗം മുഹമ്മദലി, താലൂക്ക് സപ്ലൈ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.