റേഷൻ വ്യാപാരികൾ റേഷൻകടകൾ അടച്ച് ജൂലൈ 8,9 തീയതികളിൽ സമരം നടത്തും.റേഷൻ വ്യാപാരികളുടെ വേതന പാക്കേജും ക്ഷേമനിധിയും കലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര കേരള സർക്കാർ സംസ്ഥാനത്തെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണനകൾ അവസാനിപ്പിക്കുക, കെ ടി പി ഡി എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്തുന്നത്.
സമരപരിപാടികൾ വിജയിപ്പിക്കുവാൻ ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശശി മങ്ങര, മാലേരി മൊയ്തു, ടി.സുഗതൻ, വി.പി നാരായണൻ, കെ.കെ പരീത്,വി.എം ബഷീർ, കെ കെ പ്രകാശൻ എന്നിവർ സംസാരിച്ചു.