എലത്തൂർ നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനം. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഗസ്റ്റ് ഹൗസിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
പഞ്ചായത്തുകളിലെ ബൂസ്റ്റർ സ്റ്റേഷൻ പ്രവൃത്തികൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാൻ മന്ത്രി യോഗത്തിൽ നിർദേശിച്ചു. കോൺക്രീറ്റ് റോഡുകളുടെ അറ്റക്കുറ്റ പണികൾ എത്രയും വേഗം പൂർത്തീകരിക്കാനും പിഡബ്ല്യൂഡി റോഡുകൾ താൽക്കാലികമായി ഗതാഗത യോഗ്യമാക്കി ആഗസ്ത് മാസത്തോടു കൂടി മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ഗ്രാമീണ മേഖലയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഗ്രാമപ്പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജൽജീവൻ മിഷൻ.
എലത്തൂർ നിയോജക മണ്ഡലത്തിലെ ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, തലക്കുളത്തൂർ, നന്മണ്ട എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജൽ ജീവൻ പ്രവൃത്തികളാണ് ചർച്ച ചെയ്തത്.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി പ്രമീള, എ സരിത, സി കെ ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, പി പി നൗഷിർ, തഹസിൽദാർ കെ കെ പ്രസിൽ, ഡെപ്യൂട്ടി കലക്ടർ ടി വി രഞ്ജിത്, പിഡബ്ല്യൂഡി, വാട്ടർ അതോറിറ്റി, ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.