ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരാഴ്ചകം പരിഹാരം കാണുന്നതിന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. എലത്തൂർ നിയോജക മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ഓവുചാൽ പൂർത്തീകരിച്ച് നിലവിൽ കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി കർശന നിർദേശം നൽകി. ഓവുചാൽ വഴി മഴവെള്ളം ഒഴുക്കിവിടുന്നതിനും സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും വേഗത്തിൽ പരിഹരിക്കും.
യോഗത്തിൽ കൗൺസിലർമാരായ ഇ പി സഫീന, എസ് എം തുഷാര, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, എൻഎച്ച്എഐ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.