ഐഎസ്ആര്‍ഒ ചാരക്കേസിൽ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെയും മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാറിനെയും പ്രതി ചേര്‍ത്ത് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചാരക്കേസ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡല്‍ഹി യൂണിറ്റിന്റെ എസ്പി നേരിട്ടെത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേരളപൊലീസിലെയും ഐബിയിലെയും 18 മുന്‍ ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇതില്‍ അഞ്ച് പേര്‍ക്കെതിരെ മാത്രമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിബി മാത്യുസിനെയും ശ്രീകുമാറിനെയും കൂടാതെ മുന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍, മുന്‍ ഡിഎസ്പി കെകെ ജോഷ്വാ, മുന്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പിഎസ് ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
1994ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖ നിര്‍മ്മിച്ച് ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കുകയും, വ്യാജ തെളിവുകള്‍ ചമച്ച് മര്‍ദ്ദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്‌തെന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.