സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. സപ്ലൈകോയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാകും ഇത്. വിപണിയുടെ ഘടന വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സപ്ലൈകോയെപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു കഴിയണം. അതിനു വലിയ ചർച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും.
ഒരു ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ഒരു വർഷംകൊണ്ട് ഇതു പൂർത്തിയാക്കും. സെമിനാറുകളിൽ ലഭിക്കുന്ന ക്രിയാത്മക നിർദേശങ്ങൾ സപ്ലൈകോയുടെ ഭാവി പ്രവർത്തനത്തിനു മുതൽക്കൂട്ടാകും.