കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെയും സോളാര്‍ പവര്‍ പ്‌ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.
കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനമടക്കം ഡ്രൈവിങ് സ്‌കൂളുകള്‍ക്കായി വിനിയോഗിക്കും. ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.