വായന അറിവിനോടൊപ്പം വിവേകവും കരുണയും തിരിച്ചറിവും സഹജീവിസ്നേഹവും നൽകുമെന്ന് കവി വീരാൻ കുട്ടി മാസ്റ്റർ. കീഴരിയൂർ കണ്ണോത്ത് യു.പി. സ്കൂളിൽ വായനാ വാരാഘോഷത്തിൻ്റെ സമാപനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളിലെ മനുഷ്യത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത് വായനയാണ്. പ്രകൃതിയോടും ജീവജാലങ്ങളോടും സഹജീവികളോടുമുള്ള ബന്ധം രൂപപ്പെടുത്തിയെടുക്കുന്നതിനും ദൃഢമാക്കുന്നതിനും പുസ്തകങ്ങളും വായനയും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പ്രധാനാധ്യാപിക കെ. ഗീത അധ്യക്ഷത വഹിച്ചു.
സി. ബിജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂളിലെ വിദ്യാർത്ഥികളായ അനശ്വര സ്വന്തം കവിതയും ശ്രീനിധി ഗാനവും അവതരിപ്പിച്ചു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ടി. കെ. മോളി സ്വാഗതവും ജിനിദാസ് നന്ദിയും പറഞ്ഞു.