കാപ്പാട് : ദഫ്മുട്ടാചാര്യൻ ഉസ്താദ് കാപ്പാട് അഹമ്മദ് കുട്ടി മുസ്ലിയാരുടെ ജീവിതചരിത്രം കേരള സർക്കാർ ഏഴാം ക്ലാസിലെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് ദഫ് മുട്ട് കലക്ക് ലഭിച്ച അംഗീകാരമായി. ദഫ് മുട്ട് കലാകാരനായിരുന്ന ഇമ്പിച്ചി അഹമ്മദ് മുസ്ലിയാരുടെയും ആലസം വീട്ടിൽ ഹലീമയുടെയും മകനായിട്ടാണ് അഹമ്മദ് കുട്ടി മുസ്ലിയാർ ജനിച്ചത്. പത്താം വയസ്സിൽ പിതാവിൽ നിന്നാണ് അഹമദ് കുട്ടി മുസ്ലിയാർ ദഫിന്റെ ബാലപാഠം പരിശീലിച്ചത്.

കേരളത്തിലെ ദഫ് മുട്ട് കലയുടെ പോറ്റില്ലമായി അറിയപ്പെടുന്ന തറവാടാണ് കാപ്പാട് “ആലസ്സം വീട്”. ആലസ്സം വീടു മായി ബന്ധപ്പെട്ട് കിടക്കുന്ന ദഫിന്റെ താളത്തിന് 143 വർഷത്തെ കണ്ണിമുറിയാത്ത പാരമ്പര്യമുണ്ട്.
മുൻകാലങ്ങളിൽ മുസ്ലിം വീടുകളിലും പള്ളികളിലും മാത്രം ഒതുങ്ങി നിന്ന് ദഫ്മുട്ട് എന്ന അനുഷ്ഠാനകലയെ1977ൽപൊതു വേദികളിലേക്ക് എത്തിച്ചതും,1992 ൽ സംസ്ഥാന സ്കൂൾ കലോത്സവ മാനുവലിൽ എത്തിച്ചതും അഹമദ് കുട്ടി മുസ്ലിയാർ എന്ന കാപ്പാട് ഉസ്താദിന്റെ പ്രയത്നമായിരുന്നു.

1978ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് ,1983 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും പ്രത്യേക പുരസ്കാരം, 2002ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ,2006ലെ കേരള ഫോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഉസ്താദിനെ തേടിയെത്തിയിരുന്നു.
2014 മാർച്ച് 14 ന് 93 വയസ്സിലാണ് അന്തരിച്ചത്.

ഇളം തലമുറയുടെ സർഗ്ഗ സിദ്ധികൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ ജീവിതം മുഴുവൻ ദഫ്മുട്ടെന്ന കലാരൂപത്തിന് വേണ്ടി സമർപ്പിച്ച ഉസ്താദിൻറെ ജീവിതചരിത്രം വിദ്യാഭ്യാസ വകുപ്പ് ഏഴാം ക്ലാസ്സിലെ കലാ വിദ്യാഭ്യാസ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് മൂലം ഈ കലക്കും, ഇതിനെ കൊണ്ടുനടക്കുന്ന വർക്കും, “ആലസ്സം വീട് ” തറവാടിനും കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഉസ്താദിൻ്റെ മകനുംകേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനും നോളഡ്ജ്‌സിറ്റിയിലെ മലൈബാർ സെൻ്റർ ഫോർ ഫോക്‌ലോർ സ്റ്റഡീസ് ഡയരക്ടറുമായ ഡോ. കോയ കാപ്പാട് പറഞ്ഞു.









