കാർഷിക കേരളത്തിൻ്റെ പ്രിയപ്പെട്ട അതിഥിയായ തിരുവാതിര ഞാറ്റുവേല പിറന്നു. ജൂണ്‍ 22ന് അർധരാത്രി 12.07ന്. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളക് കൊടികളില്‍ പരാഗണം നടക്കുന്ന കാലം. അതുകൊണ്ടാണ് പണ്ട് നമ്മുടെ സാമൂതിരി, കുരുമുളക് കൊണ്ടുപോയ പറങ്കിയോട്, കുരുമുളക് കൊടികളല്ലേ കൊണ്ടുപോകാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കട്ടെടുക്കാനാവില്ലല്ലോ എന്ന് പറഞ്ഞത്. തിരുവാതിരയുടെ സവിശേഷതകള്‍ പഴയ ആളുകള്‍ക്കൊക്കെ അറിയാം.
ഞാറ്റുവേലയും പക്കവും തിഥിയും നാളുമൊക്കെ നോക്കി കൃഷിയിറക്കിയിരുന്നവര്‍ക്കൊക്കെ അത് അറിയാം. വിരല്‍ ഒടിച്ച് കുത്തിയാല്‍ പോലും മുളച്ചുവരുമെന്നാണ് അവർ തിരുവാതിര ഞാറ്റുവേലയെപ്പറ്റി പറയുക പതിവ്. നമ്മളെല്ലാം കൃഷിയിലേക്ക് ഇറങ്ങണ്ടേ സമയമാണല്ലോ ഇത്. തിരുമുറിയാ പെയ്യുന്ന തിരുവാതിരയിൽ നിറയട്ടെ, പൊലിയട്ടെ നാടും നഗരവും. നൂറുമഴയും നൂറുവെയിലുമായി മലയാളത്തിന്റെ പ്രിയപ്പെട്ട തിരുവാതിര ഞാറ്റുവേല തിമിര്‍ത്തുപെയ്യപ്പെട്ടെ. സമൃദ്ധമാകട്ടെ മണ്ണും മനസ്സും.