കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്

കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ്. കടുവയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള കടുവയെ മൃഗശാലയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

കേണിച്ചിറയില്‍ മൂന്നു ദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ രാത്രി 11 മണിയോടെ കൂട്ടിലായത്. താഴേക്കിഴക്കേതില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായാണ് കൂട് സ്ഥാപിച്ചത്. ഈ കെണിയിലാണ് ഇത് കുടുങ്ങിയത്. മൂന്നു ദിവസത്തിനുള്ളില്‍ കടുവ നാല് പശുക്കളെയാണ് കൊന്നത്. തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന 10 വയസുള്ള ആൺ കടുവയാണ് പിടിയിലായത്.

കൂട്ടില്‍ കുടുങ്ങാതിരുന്ന കടുവയെ നിരവധി തവണ നാട്ടുകാര്‍ കണ്ടതോടെ വനം വകുപ്പിനെതിരെ നാട്ടുകാരില്‍ നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. മയക്കുവെടി വെക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിന് മുന്‍പേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ കടുവ ഭീതിയൊഴിഞ്ഞു.

Leave a Reply

Your email address will not be published.