അബുദാബി : ഇന്ത്യയിൽനിന്നുൾപ്പെടെ 6700 കോടീശ്വരൻമാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറ്റുമെന്ന് പഠനം. ഹെൻലി ആൻഡ് പാർട്ട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന ആസ്‌തിയുള്ള വ്യക്തികളെ ആകർഷിക്കുന്നകാര്യത്തിൽ മറ്റെല്ലാരാജ്യങ്ങളെയും പിറകിലാക്കി യു.എ.ഇ. ഈവർഷവും ഒന്നാമതെത്തുമെന്നും റിപ്പോർട്ടിലുണ്ട്. മധ്യപൂർവമേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവർക്കൊപ്പം ബ്രിട്ടീഷ് കോടീശ്വരൻമാരുടെ വൻതോതിലുള്ള വരവും ഇത്തവണയുണ്ടാകും.
10 ലക്ഷം ഡോളറോ (8.34 കോടി രൂപ) അതിൽ കൂടുതലോ നിക്ഷേപശേഷിയുള്ളവരെയാണ് ഉയർന്ന ആസ്തിയുള്ള വ്യക്തികളായി റിപ്പോർട്ട് കണക്കാക്കുന്നത്.
നിലവിൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ 14-ാം സ്ഥാനത്താണ് യു.എ.ഇ. നിലവിൽ 1,16,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരും യു.എ.ഇ.യിലുണ്ട്. ആദായനികുതിയില്ല, ഗോൾഡൻ വിസ, ആഡംബരജീവിതം, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് യൂറോപ്പിൽനിന്നുള്ള കോടീശ്വരന്മാർ യു.എ.ഇ.യിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമ്പന്നർക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന മാർഗങ്ങൾ യു.എ.ഇ. അവതരിപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
റിയൽ എസ്റ്റേറ്റ് വിപണിയിലെ ശക്തമായ മുന്നേറ്റവും ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി. കൂടാതെ യു.കെ.യിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികളും കോടീശ്വരന്മാരെ യു.എ.ഇ.യിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
യു.എസ്., സിങ്കപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ‌്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്. ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ. ഇന്ത്യ, ചൈന, യു.കെ., ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തയ‌്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞവർഷം 1,20,000 കോടീശ്വരന്മാർ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റി. ഈ വർഷം അത് 1,28,000 ആയും 2025-ൽ 1,35,000 ആയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
<