എട്ടു തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ അംഗമായും പിന്നീട് ബി.ജെ.പി. അംഗമായും ഏഴാം തവണ ലോക്സഭയിലെത്തിയ ഭർതൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കറാക്കാൻ തീരുമാനിച്ച നടപടി ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്.
പ്രതിപക്ഷ ബഹുമാനമില്ലാത്ത, പാർല്ലമെൻ്റിനെ നോക്കുകുത്തിയാക്കിയ നരേന്ദ്ര മോഡി ഒരിക്കൽ കൂടി തൻ്റെ ജനാധിപത്യ വിരുദ്ധത പ്രകടിപ്പിച്ചിരിക്കയാണ്.
17-ാമത് ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാതെയാണ് മോഡി ഭരണം മുന്നോട്ടു പോയത്. പ്രതിപക്ഷ അംഗങ്ങളിൽ ഒരാളെ ഡെപ്യൂട്ടി സ്പീക്കറാക്കിയ പാരമ്പര്യമാണ് ഇന്ത്യൻ പാർല്ലമെൻ്റിനുള്ളത്. പതിനേഴാം ലോക്സഭയ്ക്ക് ഒരു ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത നടപടി ഭരണഘടനയുടെ അന്ത:സത്തയ്ക്ക് ചേർന്നതല്ലെന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് രേഖപ്പെടുത്തിയതും ഓർക്കുക.
ഒന്നാം ലോക് സഭയിൽ അംഗീകൃത പ്രതിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എ.കെ.ജി.യെ പ്രതിപക്ഷ നേതാവായി കണ്ട, അങ്ങേയറ്റം പ്രതിപക്ഷ ബഹുമാനം കാട്ടിയ നെഹ്റുവിനെ പഠിക്കാൻ മോഡി തയ്യാറാവണം.
16-ാം ലോക്സഭയിൽ ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കാൻ വന്ന നരേന്ദ്ര മോഡി പാർല്ലമെൻ്റിൻ്റെ പ്രധാന കാവാടത്തിൽ സാഷ്ടാംഗ നമസ്കാരം നടത്തിയത്, പാർല്ലമെൻ്റിനെയും ജനാധിപത്യമൂല്യങ്ങളെയും തകർത്തെറിയുമെന്ന പ്രതിജ്ഞയോടെയാണന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു. ഭരണഘടനയെ ചുംബിക്കുമ്പോൾ തന്നെ അദ്ദേഹം മനസ്സിൽ കരുതിയത് ഈ ഭരണഘടനയെ താൻ തകർക്കുമെന്നാണ്. ഭയനാകമായ, ഇരുളിൻ്റെ നാളുകളിലെക്ക് രാജ്യം വീണ്ടും തിരിച്ചു പോവുകയാണോ?
പാർലമെൻ്റിൻ്റെ ചരിത്രത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച 100 ലോക്സഭാ അംഗങ്ങളെയും 46 രാജ്യസഭാ അംഗങ്ങളെയും പുറത്താക്കിയ കളങ്കിത റിക്കോർഡ് നരേന്ദ്ര മോഡിക്ക് മാത്രം അവകാശപ്പെട്ടതാണ്.
8 തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷ് ദുർബല വിഭാഗത്തിൽ നിന്ന് വന്നത് കൊണ്ടാണോ ഈ വിവേചനമെന്ന് നരേന്ദ്ര മോഡിയും ബി.ജെ.പി.യും വ്യക്തമാക്കണം.
17ാം ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത അതേ കീഴ്‌വഴക്കലംഘനം തന്നെ നരേന്ദ്ര മോഡി ഇപ്പോഴും തുടരുന്നുവെന്നത് ആശ ങ്കാജനകമാണ്.