പന്തലായിനിയിലൂടെ കടന്നുപോകുന്ന നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കാരണം യാത്രാ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും നാഷണല്‍ ഹൈവേ അതോറിറ്റിയുമായ് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്,നഗരസഭാ കൗണ്‍സിലറും ഗതാഗത സംരക്ഷണ സമിതി ചെയര്‍മാനുമായ പി. പ്രജിഷ, ജനറല്‍ കണ്‍വീനര്‍ പി.ചന്ദ്രശേഖരന്‍, പന്തലായിനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപിക സഫിയ ടീച്ചര്‍,പി.ടി. എ പ്രസിഡണ്ട് പി.എം. ബിജു എന്നിവര്‍ കലക്ടറുമായി സംസാരിച്ചു.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി നിവാസികളെ കടുത്ത യാത്രാ ക്ലേശത്തിലേക്കാണ് തളളി വിടുന്നത്. പന്തലായിനി ഭാഗത്തേക്കുളള മൂന്ന് റോഡുകള്‍ അടച്ചാണ് ബൈപ്പാസ് നിര്‍മ്മിച്ചത്. പന്തലായനി പ്രദേശത്തിന്റെ നെടുകെ ഒരു ഭിത്തി കെട്ടി അടയ്ക്കുന്ന അവസ്ഥയാണ് ബൈപ്പാസ് നിര്‍മ്മാണത്തിലൂടെ ഉണ്ടാകുന്നത്. അമ്പ്രമോളി,കൂമന്‍തോട് റോഡ് വഴിയാണ് പന്തലായനി ഗവ എച്ച്.എസ്.എസ്സിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഈ റോഡില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.