തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന, ഞാറ്റുവേലകളിലെ രാജവായി അറിയപ്പെടുന്ന തിരുവാതിര ഞാറ്റുവേല വെള്ളിയാഴ്ച രാത്രി തുടങ്ങും. അശ്വതി മുതൽ രേവതി വരെ 27 ഞാറ്റുവേലകൾ ഉണ്ടെങ്കിലും ഏറെ ശ്രദ്ധിക്കുക തി രുവാതിരയാണ്. കൃഷിചെയ്യാൻ പറ്റിയ ഞാറ്റുവേല കൂടിയാണിത്. പഴമക്കാരുടെ കാർഷിക കലണ്ടറാണ് ഞാറ്റുവേല. അതനുസരിച്ച് എപ്പോൾ വിത്തിറക്കണമെന്നും, എപ്പോൾ കൃഷി ചെയ്യണമെന്നും, എങ്ങനെ മഴ പെയ്യുമെന്നും ഒരേകദേശ ധാരണ അവർക്കുണ്ടായിരുന്നു.
സൂര്യന്റെ സമയമാണ് ഞാറ്റുവേലയായി കണക്കാക്കുന്നത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്.
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് പതിനഞ്ച് ദിവസമാണ്.
മലയാളിയുടെ കാർഷിക ചക്രം രൂപപ്പെടുത്തിയത് തന്നെ ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയാണ്. കാർഷിക മേഖലയുടെ വരദാനമായാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
ജൂൺ 21മുതൽ ജുലൈ 3 വരെയുള്ള കാലയളവാണ് തിരുവാതിര ഞാറ്റുവേല. ഏതു ചെടികളും നട്ടുവളർത്തന്നതിന് അനുയോജ്യമായ ദിവസങ്ങളാണ് ഇത്. കുരുമുളക് ചെടിയുടെ പരാഗണം ഈ സമയത്താണ് നടക്കുന്നത്.
ഫലവൃക്ഷത്തൈകളും ചെടികളും കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയിൽ വളക്കൂർ കൂടുതലുണ്ടെന്നാണ് കർഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയിൽ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമാണിത്. അതുകൊണ്ടു കൂടിയാണ് ചെടികൾ നടാൻ യോജിച്ച സമയമായി ഇത് മാറുന്നത്.
തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്ന ഒരു കഥ ഇങ്ങനെയാണ്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ പറങ്കികൾ കുരുമുളക് തൈകൾ പോർച്ചുഗലിലേക്ക് കൊണ്ടുപോവാൻ സാമൂതിരിയോട് അനുവാദം ചോദിച്ചു. അതിന് സാമൂതിരി അനുവാദം നൽകുകയും ചെയ്തു. പോർച്ചുഗീസുകാർ ആവശ്യപ്പെട്ട കുരുമുളക് തൈകളും സാമൂതിരി നൽകുകയും ചെയ്തു. ഇത്കണ്ട് ഭയന്ന മാങ്ങാട്ടച്ചൻ പറങ്കികൾ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോൾ ”അവർ
നമ്മുടെ കുരുമുളക് തൈകൾ അല്ലേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ” എന്നായിരുന്നത്രേ സാമൂതിരിയുടെ മറുപടി. അത്രത്തേളം അഭേദ്യ ബന്ധമുണ്ട്, തിരുവാതിര ഞാറ്റുവേലയും കുരുമുളകും തമ്മിൽ.