റിയാദ് : ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും. ഇവരിൽ പകുതിയിലേറെപ്പേർ കല്ലേറുകർമം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ മിനയിൽനിന്ന് മക്ക അസീസിയയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു.
ചൊവ്വാഴ്ച രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിയുള്ള മുഴുവൻ തീർത്ഥാടകരും ബുധനാഴ്ച വൈകുന്നേരത്തോടെ അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തി. തിരക്കൊഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവീസ് കമ്പനിക്കും മിനയിൽനിന്ന് മടങ്ങുന്നതിന് പ്രത്യേകം സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചത്.
ചുരുക്കം ഹാജിമാർ ചൊവ്വാഴ് കാൽനടയായി താമസസ്ഥലത്ത് തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് കാൽനടയായി മടങ്ങുന്ന ഹാജിമാർക്ക് വഴികാണിക്കാനായി മലയാളി സന്നദ്ധസേവനസംഘങ്ങൾ മിനയിലെ വിവിധവഴികളിൽ തമ്പടിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിലെത്തിയ മലയാളി ഹാജിമാരിലധികവും ബുധനാഴ്ചകൂടി കല്ലേറുകർമം പൂർത്തിയാക്കിയാണ് മടങ്ങിയത്.