കൊയിലാണ്ടി: കൊയിലാണ്ടി ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒളളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ഇനിയും വേണ്ടി വരുമെന്ന് സൂചന. പുഴയുടെ മധ്യത്തിലെ സ്പാന്‍ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട്. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. ഇവിടെ കമാനത്തിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
ആര്‍ച്ചിന്റെ പ്രവൃത്തി പൂര്‍ത്തിയായാല്‍ മാത്രമേ സ്പാന്‍ നിര്‍മ്മാണം നടക്കുകയുളളു. ബാക്കി ഇരുവശത്തേയും സ്പാന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഇരു ഭാഗത്തും കൈവരി നിര്‍മ്മാണവും പൂര്‍ത്തിയാകാനുണ്ട്. ഇരു ഭാഗത്ത് നിന്നും പാലത്തിലേക്ക് പ്രവേശിക്കാന്‍ സമീപ റോഡും നിര്‍മ്മിക്കണം. ബാലുശ്ശേരി ഭാഗത്ത് പാലത്തിലേക്കുളള റോഡ് നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. 250 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന് 12 തൂണുകളാണ് ഉളളത്. പാലത്തിന്റെ ഇരു ഭാഗത്തും 1.5 മീറ്റര്‍ വീതിയിലുളള നടപ്പാതയുമുണ്ടാകും.
ഒളളൂര്‍ക്കടവ് പാലം യാഥാര്‍ത്യമായാല്‍ ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്ന് ചേലിയ വഴി ഒളളൂര്‍,പുത്തഞ്ചേരി, കൂമുളളി -അത്തോളി റോഡില്‍ വേഗത്തില്‍ എത്താന്‍ കഴിയും. പുതുതായി നിര്‍മ്മിക്കുന്ന പാലങ്ങള്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദീപാലംകൃതമാക്കുന്നുണ്ട്. ഒളളൂര്‍ക്കടവ് പാലവും ദീപാലംകൃതമാക്കുമെന്നാണ് അറിയുന്നത്.