പേരാമ്പ്ര : വായനാദിനം ആഘോഷമാക്കി സൗഹൃദക്കൂട്ടം തെരുവറിഞ്ഞൊരു പുസ്തകപ്രകാശനം നടത്തി. ശ്രീജിഷ് ചെമ്മരൻ എഴുതിയ ബായൻ കറ്റീനോ 14 എന്ന നോവലൈറ്റാണ് പേരാമ്പ്ര നഗരത്തിലെ വിവിധ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകി പ്രകാശനം ചെയ്തത്.
നഗരത്തിലെ ചുമട്ട് തൊഴിലെടുക്കുന്ന മുഹമ്മദ്, പച്ചക്കറി വ്യാപാരിയും ഗായകനുമായ വത്സൻ, ജീവകാരുണ്യ പ്രവർത്തകയും ചെരുപ്പ് പുതുക്കൽ തൊഴിലുമെടുക്കുന്ന ഡയാന ലിസി എന്നിവരാണ് പുസ്തകം സ്വീകരിച്ചത്.
തെരുവിൻ്റെ രാഷ്ട്രീയവും ജീവിതവും പങ്കുവെയ്ക്കുന്ന നോവലൈറ്റ് ഏറ്റവും ഇരുണ്ട ജീവിതവ്യവഹാരങ്ങളിലേർപ്പെടുന്ന ഒരു പറ്റം വ്യക്തികളുടെ ദീനസമാഹാരമാണ്. ചിത്രകാരൻമാരും സാംസ്കാരിക പ്രവർത്തകരുമായ സജീവ് കീഴരിയൂർ, അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരൻ എന്നിവർ പുസ്തകം സമർപ്പിച്ചു.
നൂറ് കണക്കിന് സുഹൃദ് ജനങ്ങളുടെ സാന്നിധ്യത്തിൽ പേരാമ്പ്ര പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വെച്ച് നടത്തിയ പരിപാടിയിൽ പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.എ. ബാലകൃഷ്ണൻ പുസ്തകപരിചയം നടത്തി.
പ്രശാന്ത് പാലേരി, കവി പി.ആർ രതീഷ്, എം.എം. ജിജേഷ്, രജീഷ് അഗ്രിമ, എൻ. എസ് നിഖിൽ കുമാർ, ധൻവിക റിജേഷ് എന്നിവർ സംസാരിച്ചു.