സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള അഴിമതികള്‍ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസുകളിലെ ആര്‍.ടി.ഐ ക്ലബ്ബുകള്‍ക്ക് സമൂഹത്തിലെ തിരുത്തല്‍ ശക്തികളാകാന്‍ കഴിയും. എസ്.എച്ച് കോളേജിലെ ആര്‍.ടി.ഐ ക്ലബ് ഒരു പരീക്ഷണമെന്ന നിലയിലാണ് കമ്മീഷന്‍ വീക്ഷിക്കുന്നത്. കുറഞ്ഞ കാലത്തെ പ്രവര്‍ത്തനപാഠം കൂടി ഉള്‍പ്പെടുത്തി ഒരു പൊതുമാനദണ്ഡം ഉണ്ടാക്കും. ആര്‍.ടി.ഐ ക്ലബുകള്‍ക്ക് സംസ്ഥാനതലത്തില്‍ ഏകോപനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ടി.ഐ നിയമം ഇന്ന് സിവില്‍ സര്‍വീസിന് ഒരു മുഖ്യവിഷയമാണ്. ആ നിലയ്ക്ക് വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ഭാവിയില്‍ ആര്‍.ടി.ഐ ക്ലബ് പരിചയം ഏറെ ഗുണം ചെയ്യും. പി എസ് സി എന്നത് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത കേന്ദ്രമല്ല. ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നതു മുതല്‍ ചോദ്യപേപ്പര്‍ തയാറാക്കിയവരുടെ യോഗ്യത, പേപ്പര്‍ നോക്കിയവര്‍, സ്‌കോര്‍ ഷീറ്റ് തയാറാക്കുന്നവിധം, ഇന്റര്‍വ്യൂവിലെ മാര്‍ക്കിന്റെ സ്പ്ലിറ്റ് ഡീറ്റയില്‍സ്, ഷോര്‍ട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റ്, മെയിന്‍ ലിസ്റ്റ്, റൊട്ടേഷന്‍ ചാര്‍ട്ട് എന്നിവയെല്ലാം അറിയാന്‍ യുവാക്കള്‍ക്ക് അവകാശമുണ്ട്.
കേസുകളില്‍ വിവരാവകാശ കമ്മീഷനുകള്‍ തീരുമാനം എടുക്കുന്നതിന് കാലപരിധി വേണമെന്ന് വിവരാവകാശ പ്രവര്‍ത്തകനും ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി.ബി.ബിനു പറഞ്ഞു. കേസുകള്‍ അനന്തമായി നീണ്ടുപോകുന്നു. പല വിധികളും വൈകിവരുന്നതിനാല്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.