മുഖ്യമന്ത്രി പറയണം കൊലക്കത്തി താഴെ വെക്കാൻ -മുല്ലപ്പള്ളി രാമചന്ദ്രൻ

തലശ്ശേരി നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് 1969 ഏപ്രിൽ 28ന്ന് നടന്ന വാടിക്കൽ രാമകൃഷ്ണൻ കൊലപാതകത്തോടെയാണ് ഉത്തരമലബാർ രാഷ്ട്രീയ കുരുതിക്കളങ്ങളായി മാറുന്നത്. അന്തരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി യുവ നേതാവായ കാലത്ത് നടന്ന നിഷ്ഠൂര നരഹത്യ. ആ യുവ നേതാവുമായുണ്ടായ ഒരു ചെറിയ വഴക്കാണ് ഇന്നത്തെ മുഖ്യമന്ത്രി പ്രതിയായിട്ടുള്ള വാടിക്കൽ രാമകൃഷ്ണനെന്ന ജനസംഘം അനുഭാവിയുടെ ജീവനെടുത്ത സംഭവം.

കണ്ണൂർ പിന്നീട് സമാധാനത്തിലെക്ക് തിരിച്ചു പോയിട്ടില്ല. എത്രയെത്ര നിരപരാധികളാണ് കൊലക്കത്തിക്കിരയായത്. ഒരിടത്തുമില്ലാത്ത പാർട്ടി ഗ്രാമങ്ങൾ കണ്ണൂരിൽ സൃഷ്ടിക്കപ്പെട്ടത് ഈ ഹീനമായ രാഷ്ട്രീയ കൊലപാതകങ്ങളൊടൊപ്പമാണ്. മറ്റ് രാഷ്ട്രീയ ആശയക്കാർ ഭയവിഹ്വലരായാണ് ഈ പാർട്ടി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുമോ? ഈ പ്രാകൃതത്വം കാണണമെങ്കിൽ കണ്ണൂരിലേക്ക് വരിക.

ചാരായഷാപ്പിൽ വെച്ച് കത്തിക്കുത്തിൽ മരിച്ചവർക്ക് പോലും രക്തസാക്ഷി മണ്ഡപങ്ങൾ ഉയർന്നു വന്ന പ്രദേശങ്ങൾ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും മാത്രമെ ഭൂമിമലയാളത്തിൽ കാണാൻ കഴിയുകയുള്ളൂ.
രക്തസാക്ഷി ദിനാചരണത്തിൽ നടത്തപ്പെടുന്ന പണപ്പിരിവ് , ആവേശ പ്രകടനം, ഉന്നത നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുസമ്മേളനം. “രക്തസാക്ഷി മരിക്കുന്നില്ല, ഞങ്ങളിലൂടെ ജീവിക്കുന്നു ” എന്ന തൊണ്ട പൊട്ടു മാറ് ഉച്ചത്തിലുള്ള ആർപ്പുവിളികൾ. ആ ദിവസങ്ങളിൽ മര്യാദക്കാർ പുറത്തിറങ്ങാൻ പോലും മടിക്കുന്നു വെന്ന സ്ഥിതി. കൊലനിലങ്ങളിൽ നിന്നുയരുന്ന ദീനരോദനങ്ങൾ കേട്ട് അല്പം പോലും മനം മാറ്റമുണ്ടാകാത്ത ഒരു പിടി നേതാക്കന്മാരും ഭ്രാന്ത് പിടിച്ച കുറെ സാമൂഹ്യ ദ്രോഹികളും.
ഒരു ഹീനമായ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് “വയലിലെ പണി വരമ്പത്ത് കൂലി ” എന്ന് പറഞ്ഞ , “വേണ്ടി വന്നാൽ പോലീസ് സ്റ്റേഷനിൽ കയറിയും ബോംബുണ്ടാക്കും ” എന്നും പറഞ്ഞ നേതാക്കൻ മാരുടെ പാർട്ടിയാണ് സി.പി.എം എന്ന് ഓർക്കുക. വല്ലാത്തൊരു പതനമാണ് ഈ നാട് കാണുന്നത്.
നാടൻ ബോംബുകൾ നിർമ്മിക്കുന്ന കുടിൽ വ്യവസായം ഇവിടെ നിർബാധം നടക്കുന്നുവെന്ന് ഏത് പോലീസുകാരനാണറിയാത്തത്. അത് കണ്ടെത്താൻ , കുറ്റവാളികളെ കർശന ശിക്ഷക്ക് വിധേയരാക്കാൻ നിയമ സമാധാന ചുമതലയുള്ളവർക്ക് കഴിയാതെ പോകുന്നു. പണ്ടൊക്കെ പ്രഗത്ഭരായ നിരവധി ഐ.പി.എസ്സ്. ഉദ്യോഗസ്ഥർ തലശ്ശേരിയിലും കണ്ണൂരിലും പ്രവർത്തിച്ചത് ഓർക്കുന്നു. നിർഭയരും നീതിമാന്മാരും ഭരണഘടനയോട് അചഞ്ചലമായ കൂറും കാട്ടിയ അത്തരം ഓഫീസർമാരെ എങ്ങിനെ മറക്കും? ഇന്ത്യൻ പോലീസ് സർവീസിന്ന് അഭിമാന തിലകം ചാർത്തിയ ഇത്തരം ഓഫീസർമാരാണ് നിയമ സമാധാന വാഴ്ചയുടെ ശക്തമായ ആണിക്കല്ലുകൾ.
കേരളത്തിൽ ഇപ്പോഴും മിടുക്കന്മാരും മിടുക്കികളുമായ കുറെ നല്ല ഓഫീസർമാരുണ്ട്. സമൂഹത്തിൻ്റെ പ്രതീക്ഷ അവരിലാണ്.
ആഭ്യന്തര വകുപ്പിന് അപമാനമായി നിൽക്കുന്ന ഭരണാധികാരികളുടെ മുമ്പിൽ മുട്ടുവിറച്ചു നില്കുന്ന ഓഫീസർമാരല്ല നാട്ടിൻ്റെ അഭിമാനം.
ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി അധികാരമേറ്റെടുത്തത് മുതൽ നിയമ സമാധാനം പാളം തെറ്റുകയായിരുന്നു. അടുത്തൂൺ വാങ്ങി പിരിഞ്ഞു പോയ ഏതാനും ഓഫീസർമാരുടെ ഉപദേശങ്ങളിൽ ഒരു ആഭ്യന്തരമന്ത്രി മുന്നോട്ടു പോകുന്നുവെന്നത് എത്ര മാത്രം ദയനീയ അവസ്ഥയാണ് . തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി നിരപരാധിയായ വയോധികൻ മരിച്ച സംഭവം നിയമ സഭയിൽ ചർച്ചക്ക് വന്നപ്പോൾ മുഖ്യമന്ത്രി നല്കിയ മറുപടി വിചിത്രമാണ്.
” ഇക്കാലത്ത് പലരും ബോംബുണ്ടാക്കാം; അതിനൊക്കെ രാഷ്ട്രീയ നിറം നൽകാനല്ല ശ്രമിക്കേണ്ടത്. ” ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തും പറയാൻ മടിയില്ലാത്ത അങ്ങ് ഇരിക്കുന്ന പദവിയുടെ മഹത്വം മറക്കരുതെന്ന് മാത്രം വിനീതമായി പറയട്ടെ.
കണ്ണൂരിൽ ഇനിയൊരു നിരപരാധിയും കൊലക്കത്തിക്കിരയാകാതിരിക്കാൻ, കണ്ണൂരിലെ ഗ്രാമങ്ങളിൽ നിന്ന് നിലക്കാത്ത നിലവിളികൾ ഇനിയും ഉയരാതിരിക്കാൻ അങ്ങ് മാത്രം തീരുമാനമെടുത്താൽ മതി. “കൊലക്കത്തി താഴെ വെക്കു ” എന്ന് സ്വന്തം അനചരന്മാരോട് പറയാനുള്ള ആർജ്ജവ ബോധവും നിശ്ചയ ദാർഡ്യവും താങ്കൾ കാണിക്കുക. ആ നിമിഷം കണ്ണൂരിൽ പൂർണ്ണസമാധാനം തിരിച്ചു കൊണ്ടുവരാൻ കഴിയും.
എരഞ്ഞോളിയിലെ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അയൽ വാസിയായ സീന എന്ന പെൺകുട്ടി നടത്തിയ ധീരമായ പ്രതികരണം ഒറ്റപ്പെട്ടതായി ആരും കാണരുത്. കണ്ണൂരിൽ ശാശ്വത സമാധാനവും മാനവ മൈത്രിയും ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും ഉറച്ച ശബ്ദമായേ അതിനെ കാണാൻ കഴിയുകയുള്ളൂ.

Leave a Reply

Your email address will not be published.

Previous Story

മനസും ശരീരവും ഏകോപിക്കുന്നതാണ് യോഗ; എൻ ഐ ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ

Next Story

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബി.ജെ.പി എം.പിയായ ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവന്‍ എംപിയുടെ ഏകദിന ഉപവാസ സമരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ

ഉലകം ചുറ്റും മോദി മണിപ്പൂരിലെത്തിയില്ല – എം.കെ. ഭാസ്കരൻ

മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം