രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പത്തിനാലാം പിറന്നാള്‍. 1970 ജൂണ്‍ 19നാണ് ജനനം. പോരാട്ടവീര്യത്തിന്‍റെ കരുത്തുമായി യുവത്വത്തിന്‍റെ പ്രസരിപ്പോടെയാണ് 54-ന്‍റെ നിറവിലേക്ക് രാഹുല്‍ പദമൂന്നുന്നത്. സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവർ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേർന്നു- “എപ്പോഴും എന്‍റെ സുഹൃത്ത്, സഹയാത്രികൻ, വഴികാട്ടി, തത്ത്വചിന്തകൻ, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, സ്നേഹം” എന്നാണ് പ്രിയങ്ക കുറിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലിനെ ജന്മദിനാശംസകൾ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും രാഹുലിന്‍റെ സവിശേഷമായ ഗുണങ്ങളാണെന്ന് ഖാർഗെ കുറിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന കോണ്‍ഗ്രസ് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമികത രാഹുലിന്‍റെ എല്ലാ പ്രവൃത്തികളിലും ദൃശ്യമാണ്. എല്ലാവരുടെയും കണ്ണുനീർ തുടയ്ക്കാനുള്ള ദൗത്യം തുടരുന്ന രാഹുലിന് സുദീർഘവും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നുവെന്നും ഖാർഗെ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ പിറന്നാള്‍ വൻ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും. കേക്കും പൂക്കളും വാദ്യമേളങ്ങളുമായാണ് എ ഐ സി സി ആസ്ഥാനത്ത് പ്രവർത്തകർ രാഹുലിനെ വരവേറ്റത്. ആർപ്പുവിളികൾക്കിടെ പ്രവർത്തകരിലേക്ക് എത്തി രാഹുൽ ആശംസകള്‍ ഏറ്റുവാങ്ങി. രാഹുൽ താമസിക്കുന്ന 10 ജൻപഥിലും കൊടികളും അലങ്കാരങ്ങളുമായി കോണ്‍ഗ്രസ് പ്രവർത്തകരെത്തി.