യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യജ്ഞവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യജ്ഞവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയാധനം നൽകാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്നുകോടി രൂപ സമാഹരിക്കാൻ ‘ദിയാധന സ്വരൂപണ’ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും സഹായം വേണമെന്ന് യെമനിൽ നിന്നും നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അഭ്യർത്ഥിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25-ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ ഇപ്പോഴുള്ളത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു.
ശരീയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബം വിശ്വസിക്കുന്നു. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹചര്യത്തില്‍ ‘സേവ് നിമിഷ പ്രിയ’ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published.