82ാം വയസിലും വായന മുടക്കാതെ കീഴരിയൂർ കരിയാറ്റിയിൽ നാരായണൻ നായർ. വായനയില്ലാത്ത ഒരു ദിവസമില്ല നാരായണൻ നായർക്ക്. 82 വയസ്സ് പ്രായമായ നാരായണൻ നായർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ തുടക്കം മുതലുള്ള വായനക്കാരനാണ്. 75 വർഷത്തെ പാരമ്പര്യമുള്ള വായനശാലയിലെ പതിനായിരത്തിലധികമുള്ള മലയാള പുസ്തകങ്ങൾ എല്ലാം ഇദ്ദേഹം വായിച്ചിട്ടുണ്ട്. ചിലതെല്ലാം പലതവണ വായിച്ചിട്ടുമുണ്ട്.
നാരായണൻ നായരുടെ ഇഷ്ടപുസ്തകങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ അമ്മ. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളും ഏറെ പ്രിയങ്കരങ്ങളാണ്. ആഴ്ചയിൽ രണ്ടുതവണയെങ്കിലും വായനശാലയിൽ എത്തും. കോവിഡ് കാലത്ത് വായനശാല പ്രവർത്തകർ വീട്ടിൽ പുസ്തകമെത്തിച്ച് നൽകിയിട്ടുണ്ടായിരുന്നു. ചെറിയ അവശത മൂലം വീട്ടിൽ വിശ്രമിക്കുന്ന അവസരത്തിലും വായന മുടക്കിയിട്ടില്ല. ഇപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വായനശാലയിൽ എത്തി ഒന്നിൽക്കൂടുതൽ പുസ്തകങ്ങൾ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകും.
കുട്ടികളുമായി വായനയെക്കുറിച്ച് സ്നേഹസംവാദങ്ങളിൽ ഏർപ്പെടാൻ വള്ളത്തോൾ ഗ്രന്ഥാലയം വേദിയൊരുക്കാറുണ്ട്. 1958 ൽ കൊയിലാണ്ടിയിൽ പഠിക്കുമ്പോഴാണ് കൊയിലാണ്ടിയിലെ ഒരു ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുകയും വായന ആരംഭിക്കുകയും ചെയ്തത്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.