അത്തോളി: പലചരക്ക് കടയിൽ മദ്യവിൽപ്പന നടത്തിയ ഉടമ അറസ്റ്റിൽ. കൊളക്കാട് മേലേടത്ത് കണ്ടി മീത്തൽ കൃഷ്ണനെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.
കൊളക്കാട് എലിയോട്ട് അമ്പലം റോഡിലെ കടയിലാണ് പതിവായി മദ്യവിൽപ്പന നടക്കുന്നതായി പരാതിയുയർന്നതിനെ തുടർന്ന് അത്തോളി പൊലീസ് ഇൻസ്പെക്ടർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിൽ കടയിൽ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കടയിൽ നിന്നും അളവിൽ കവിഞ്ഞ മദ്യം പിടികൂടുകയായിരുന്നു.
റെയിഡിനിടയിൽ പോലീസുമായി ബഹളം വെച്ച പറോൽ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. അത്തോളിയിലെ എല്ലാ കവലകളിലും വിദേശമദ്യം സുലഭമാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂട്ടറുകളിലാണ് മദ്യക്കച്ചവടം പൊടിപൊടിക്കുന്നത്. 500 മി.ലിറ്ററിൻ്റെ കുപ്പിക്ക് 100 മുതൽ 150 രൂപ വരെ അധിക വില നൽകിയാൽ മതി. ഇത്തരം മദ്യ വിൽപ്പനയിലൂടെ പ്രതിദിനം 500 മുതൽ 5000 രൂപ വരെ ആദായം ഉണ്ടാക്കുന്നവരുണ്ടെന്നാണ് വിവരം.
ബീവറേജിന്റെ ഔട്ട്ലെറ്റുകളിൽ പോയി ദിവസേന രണ്ടും മൂന്നും തവണ സാധനങ്ങൾ കൊണ്ടുവരുന്നവരുണ്ട്. ഇതിൽ പലരും നിയമമനുവദിക്കുന്ന അളവിലുള്ള മദ്യമാണ് കൊണ്ടുവരുന്നത്, അതിനാൽ അവരെ പോലീസിനോ എക്സൈസിനോ പിടികൂടാൻ സാധിക്കാറില്ല . ഇവരിൽ പലരെക്കുറിച്ചും പോലീസിന് കൃത്യമായ വിവരമുണ്ടെങ്കിലും നടപടി എടുക്കുന്നില്ലെന്ന് പൊതുജനങ്ങൾ പരാതി ഉന്നയിക്കുന്നുണ്ട്.