വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രചാരണത്തിൻ്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി ഒരുമിച്ച് വയനാട്ടിലെത്തും. അടുത്ത മാസം രണ്ടാം വാരം ഇരുവരും വയനാട്ടിലെത്തുമെന്നാണ് സൂചന.
പ്രചാരണ തുടക്കത്തിന് മുന്നോടിയായുള്ള സൗഹൃദ സന്ദര്‍ശനമാണെങ്കിലും പ്രധാന മുന്നണി നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ മണ്ഡല പര്യടനവും റോഡ് ഷോയും നടത്താനാണ് തീരുമാനം. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. അതിനിടെ വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തുന്നതായി അറിയിച്ച് രാഹുല്‍ ഗാന്ധി ലോക്‌സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്നതും കോണ്‍ഗ്രസ് വിലയിരുത്തി. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്നും നേതാക്കള്‍ കണക്കു കൂട്ടുന്നു.