ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്.
പ്രവാചകന്‍ ഇബ്രാഹീം, പ്രിയപുത്രൻ ഇസ്മാഈലിനെ ദൈവ കൽപന അനുസരിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗസ്മരണ. പരീക്ഷണത്തിൽ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേർത്ത് പിടിച്ചു. അചഞ്ചലമായ വിശ്വാസത്തിന്‍റെ സമര്‍പ്പണത്തിന്‍റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ ദിനം.
പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.