

എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്:
നിരത്തിനെ കോളാമ്പിയാക്കുന്നവർ……..
പാൻ മസാല ചവച്ച് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിൾഗം ചവച്ച് തുപ്പുന്നവരും ഷട്ടർ പൊക്കി റോഡിലേക്ക് ഛർദ്ദിൽ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സർവ്വസാധാരണമാണ്.
പാൻമസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരിൽ മലയാളികളെക്കാൾ കൂടുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളിൽ മലയാളികളും ഒട്ടും പിന്നിലല്ല. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളിൽ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങൾ മുഖത്ത് തന്നെ പതിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ നിരത്തിൽ നിത്യ കാഴ്ചകളാണ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ്.
പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.
മറ്റുള്ളവരുടെ മുകളിലേക്ക് മാലിന്യം വർഷിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവരും കുട്ടികളെക്കൊണ്ടുപോലും മാലിന്യം വലിച്ചെറിയിക്കുന്നതും സംസ്കാര സമ്പന്നരായ ജനതയ്ക്ക് ചേർന്നതല്ല എന്ന് ബോധവും തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്.
സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ…..