തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ചുവപ്പ് സിഗ്നൽ ഉള്ളപ്പോൾ ഒരു കാരണവശാലും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് എംവിഡി അറിയിച്ചു.
ട്രാഫിക് സിഗ്നൽ ഉള്ളപ്പോൾ അമിത വേഗതയിൽ വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ, ഗ്രീൻ സിഗ്നൽ തെളിഞ്ഞ ശേഷം മാത്രം കാൽനടയാത്രക്കാരോട് റോഡ് മുറിച്ചുകടക്കാൻ എംവിഡി ആവശ്യപ്പെട്ടു.
എംവിഡി കുറിപ്പ്:
‘ഓരോ ചുവടും സുരക്ഷിതമായിരിക്കട്ടെ’. ട്രാഫിക് സിഗ്‌നലുകളുള്ള ജംഗ്ഷനുകളില്‍ റോഡ് മുറിച്ചു കടക്കേണ്ട കാല്‍നടയാത്രക്കാര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സിഗ്‌നലാണ് ചുവപ്പ് നിറത്തിലുള്ള മനുഷ്യനെ സൂചിപ്പിക്കുന്ന സിഗ്‌നല്‍.
ചുവപ്പ് നിറത്തില്‍ ഈ സിഗ്‌നല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ യാതൊരു കാരണവശാലും നമ്മള്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. വാഹനം പോകാനുള്ള സിഗ്‌നല്‍ തെളിയുമ്പോള്‍ പലപ്പോഴും വേഗതയില്‍ വാഹനം മുന്നോട്ടെടുക്കുന്നതും അപകടത്തിനു ഇടയാക്കുന്നു.
അതിനാല്‍ കാല്‍നടയാത്രക്കാര്‍ പച്ച നിറത്തിലുള്ള മനുഷ്യന്റെ സിഗ്‌നല്‍ തെളിഞ്ഞു കഴിഞ്ഞ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. ഇത്തരം സീബ്ര വരകള്‍ ഉള്ള ജംഗ്ഷനുകളില്‍ അമിത വേഗതയില്‍ വാഹനമോടിക്കാതിരിക്കുക.. ശ്രദ്ധിക്കുക.. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഇല്ലാത്ത സീബ്ര ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക.