പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 9 വരെ സമ്മേളനം തുടരാനാണ് സാധ്യത. മോദി 3.0 സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന് നടക്കുമെന്നും റിപ്പോർട്ട്. ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി ഇത് ഏഴാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2024-25 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റായിരിക്കും ധനകാര്യ മന്ത്രി അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ബജറ്റ് അവതരണത്തിൻെറ തീയതി ഔദ്യോഗികമായി കേന്ദ്ര സർക്കാർ പിന്നീട് പ്രഖ്യാപിക്കും.
പാർലമെൻ്റിന്റെ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസമായ ജൂലൈ മൂന്നിന് സർക്കാർ സാമ്പത്തിക സർവേ പുറത്ത് വിടുമെന്നും റിപ്പോർട്ട് പറയുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 9 വരെയായിരിക്കും മൺസൂൺ സമ്മേളനം നടക്കുക.
ജൂൺ 17-നകം ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായും പങ്കാളികളുമായും പ്രീ-കൺസൾട്ടേഷൻ ബജറ്റ് മീറ്റിംഗുകൾ ആരംഭിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ/സ്ഥിരീകരണം, സ്പീക്കറുടെ തിരഞ്ഞെടുപ്പ്, രാഷ്ട്രപതിയുടെ അഭിസംബോധന, തുടർന്നുള്ള ചർച്ചകൾ എന്നിവയും സെഷൻ ഉൾക്കൊള്ളാൻ സാധ്യതയുണ്ട്.