അരിക്കുളം: നിരവധി കുടുംബങ്ങള്‍ വാഹന ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡിന്റെ മധ്യഭാഗത്ത് തടസ്സം സൃഷ്ടിച്ച് വലിയ മാവ്. പള്ളിയത്തുക്കുനി – അഞ്ചാം പീടിക റോഡില്‍ ഏക്കാട്ടൂര്‍ അങ്കണവാടിക്ക് സമീപം തറമല്‍ മുക്ക് പാലം കടക്കുന്ന സ്ഥലത്താണ് വാഹന ഗതഗതത്തിന് പ്രതിബന്ധമായി മാവ് നില്‍ക്കുന്നത്. നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാണ് ഈ മണ്‍ റോഡ്. അയനിക്കാട് ശാഖ കനാലിന്റെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാല്‍ മാവ് മുറിച്ചു മാറ്റാന്‍ നിയമപരമായ തടസ്സങ്ങള്‍ ഉണ്ട്. നിലവില്‍ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. തൊട്ടപ്പുറത്ത് കനാല്‍ ആയതിനാല്‍ റോഡിന് വീതി കൂട്ടാന്‍ പ്രയാസമാണ്.
മണ്‍ റോഡിന്റെ തുടക്കത്തില്‍ തന്നെയുള്ള മരം മുറിച്ച് നീക്കി റോഡിലൂടെ വാഹന ഗതാഗതം സുഖമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഏക്കാട്ടൂര്‍ 150 നമ്പര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജലസേചന വകുപ്പിന് പരാതി കൊടുക്കാന്‍ തീരുമാനിച്ചതായി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അനസ് കാരയാടും ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ.കോയക്കുട്ടിയും പറഞ്ഞു.