പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള മൂന്നാമത്തെതും അവസാനത്തേതുമായ അലോട്ട്മെന്റ് 19-ന്. ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായിരുന്നു.
മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് ബാക്കിയുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തതിനാല്‍ ഒഴിവുവരുന്ന സീറ്റുകളും ചേര്‍ത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്. രണ്ടാം അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ മാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 15,696 സീറ്റും ഒഴിവുണ്ട്.
ഈ സീറ്റുകള്‍ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. ഇതിനാല്‍ ഈ അലോട്മെന്റില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി വരെ സ്‌കൂളില്‍ ചേരാം.