ആവശ്യത്തിന് മരുന്നും ചികിൽസിക്കാൻ ഡോക്ടർമാരുമില്ലാത്ത സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റാക്കി മാറ്റാനുള്ള സാധ്യതാപഠനമാണോ കോർപ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.
മലബാറിലെ ഏഴോളം ജില്ലകളിലെ പാവപ്പെട്ട രോഗികൾ ചികിത്സക്ക് എത്തുന്ന മെഡിക്കൽ കോളേജിലെ സംസ്കരണ പ്ലാന്റിൽ പോലീസ് എസ്കോർട്ടോട് കൂടി നഗരസഭ ശേഖരിച്ച കക്കൂസ് മാലിന്യം തള്ളാൻ ഉത്തരവ് ഇറക്കിയ ജില്ലാ കളക്ടർ, ദുരന്ത നിവാരണ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
ഈ നടപടിമൂലം പ്രശ്നങ്ങൾ ഉണ്ടായാൽ സംസ്കരണ നടപടികൾ നിർത്തും എന്ന് പറയുന്നതിന്റെ യുക്തി ജില്ലാകളക്ടർ വ്യക്തമാക്കണമെന്നും, മെഡിക്കൽ കോളേജിനെ ഇത്തരം പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത് അനുവദിക്കാനാവില്ലെന്നും എം.പി വ്യക്തമാക്കി.
ഡോക്ടർമാരുടെ അഭാവം മൂലം രോഗികൾക്ക് മതിയായ ചികിത്സയായ സൗകര്യങ്ങളൊരുക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ആരോഗ്യമേഖലയിലെ കുറവുകൾ പരിഹരിക്കാൻ ജനപ്രതിനിധികൾ സ്വമേധയാ മുന്നോട്ട് വന്നാൽ പോലും സഹകരിക്കാൻ തയ്യാറല്ലാത്ത ആരോഗ്യവകുപ്പ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ആവശ്യങ്ങൾക്ക് മാത്രമായുള്ള പ്ലാന്റ് ഒരു കോർപ്പറേഷന്റെ മൊത്തം കക്കൂസ് മാലിന്യ സംസ്കരണത്തിനു ഉപയോഗപ്പെടുത്താനും കോർപ്പറേഷന്റെ ഭരണപരാജയത്തെ മറച്ചുപിടിക്കാൻ ദുരന്തനിവാരണ നിയമത്തെ ദുരുപയോഗപ്പെടുത്താനും ജില്ലാകളക്ടറോട് ആര് നിർദ്ദേശിച്ചുവെന്ന് വ്യക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.