കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ ചുമത്തി അധികൃതർ. സമരത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ മറ്റ് അച്ചടക്ക നടപടികളുണ്ടാകുമെന്നും ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 22ന് കാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ. ആദർശ്, ബെൻ തോമസ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഒരാൾ 6 ,61,155 രൂപ വീതം അടയ്ക്കണം. സമരത്തിനിടെ ക്യാമ്പസിലെ വസ്തുവകകൾക്ക് നാശം സംഭവിച്ചു, സമരം മൂലം ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ കാമ്പസിന്റെ പ്രവർത്തനം മുടങ്ങി, ഒരു പ്രവൃത്തിദിവസം നഷ്ടമായി എന്നൊക്കെയും അതുമൂലം കാമ്പസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർത്ഥികൾ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
അര്‍ധ രാത്രിക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. 24 മണിക്കൂറും തുറന്നിട്ട കാന്റീനിന്റെ പ്രവര്‍ത്തനം രാത്രി 11 മണി വരെ മാത്രം ആക്കിയതും സമരത്തിന് കാരണമായിരുന്നു.