അരിക്കുളം: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് (നീറ്റ്) പരീക്ഷയിൽ ഉന്നത വിജയികളായ പ്രതിഭകളെ ഏക്കാട്ടൂർ ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ (ജെ എൻ സി സി) അനുമോദിച്ചു. പെൺകുട്ടികൾ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നത് നാടിൻ്റെ പുരോഗതിക്ക് ശക്തി പകരുമെന്നും സേവന സന്നദ്ധതയുള്ള മികച്ച പ്രതിഭകളായി പെൺകുട്ടികൾ മാറുകയാണെന്നും ഡോ. ആർ കെ മുഹമ്മദ് അഷറഫ് പറഞ്ഞു. നീറ്റ് പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഹിബ ഫെബിനും വി കെ ഫാത്തിമയ്ക്കുമുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം വിപ്ലവകരമാണെന്നും എല്ലാ രക്ഷിതാക്കളും പെൺമക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിലൂടെ തൊഴിൽ നേടാനുള്ള പ്രേരക ശക്തിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മോഹൻദാസ് ഏക്കാട്ടൂർ, അനസ് കാരയാട്, ശശി ഊട്ടേരി, ടി ടി ശങ്കരൻ നായർ, പത്മനാഭൻ പുതിയേടത്ത്, കെ കെ ഇബ്രാഹിം കുട്ടി, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, കെ കെ കോയക്കുട്ടി, സി എം ഗോപാലൻ, സൗദ കുറ്റീക്കണ്ടി, അൻസിന കുഴിച്ചാലിൽ എന്നിവർ സംസാരിച്ചു.