തിരുവങ്ങൂരിലെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ മഴയ്ക്ക് വളരെ മുമ്പ് പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും മഴയെത്തിയതോടെ ദുരിതവും ഇരട്ടിച്ചു. ചേമഞ്ചേരിയിലെ വാർഡ് എട്ടിലെ പൂമ്പാറ്റ അങ്കണവാടിയിലേക്കാണ് റോഡിലെ മുഴുവൻ മഴവെള്ളവും ശക്തിയായി ഒലിച്ചിറങ്ങുന്നത്. സമീപത്തുള്ള നാലു വീടുകളിലേക്കും മഴ പെയ്യുമ്പോൾ വീട്ടിലേക്ക് വെള്ളമൊഴുകി വരുന്നത് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. കിണറുകൾ മലിനമാകാനും ശുചിമുറികൾ വെള്ളം കയറി ഉപയോഗശൂന്യമാകാനും ഇത് കാരണമാകുന്നുണ്ട്.
കൊച്ചു കുട്ടികൾ നടന്നെത്തുന്ന അങ്കണവാടിയിലേക്കുള്ള വഴി വെളളക്കെട്ടും ചെളിയും നിറയാൻ കാരണമാകുന്നു. കൂടാതെ ശക്തിയായി ഒഴുകിയെത്തുന്ന മഴവെള്ളം മഴ ശക്തമാകുന്നതോടെ അങ്കണവാടി കെട്ടിടത്തിനും ഭീഷണിയാകുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെയ്ക്കുന്നുണ്ട്.
ഇതുകൂടാതെ കുറത്തി ശാല റോഡ് വെള്ളക്കെട്ട് കാരണം സഞ്ചാരയോഗ്യമല്ലാതായി. ഇരുപതോളം വീട്ടുകാരുടെ സഞ്ചാരമാണ് ഇതുവഴി തടസ്സപ്പെടുന്നത്. ഈ ഗുരുതര പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാരും വാർഡ് മെമ്പറും ആവശ്യപ്പെടുന്നു.