പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവയ്ക്ക് ശിക്ഷ
പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്.
ഇതിനായി ഉടൻ തന്നെ പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ വിളിച്ചുചേർക്കാൻ നിർദ്ദേശം നൽകും.
പൊതുജനാരോഗ്യ നിയമം 2023 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ
ചേർന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
പ്രകൃതിയും മനുഷ്യനും ഒന്നായി കാണുന്ന ഏക ആരോഗ്യം എന്ന ആശയമാണ് പുതിയ നിയമത്തിന്റെ സത്തയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ വിശദീകരിച്ചു.
പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവയ്ക്ക് കനത്ത ശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പിഴയ്ക്കു പുറമെ മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ നിയമം അനുശാസിക്കുന്നു. കുറ്റം ആവർത്തിച്ചാൽ പരമാവധി പിഴയുടെ ഇരട്ടി തുക അടയ്ക്കേണ്ടിവരും.
യോഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ, ആയുർവേദ ഡിഎംഒ ഡോ. അമ്പിളി കുമാരി, ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ സലാഹുദ്ധീൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നായർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ, ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ സക്കീർ ഹുസൈൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബോബി പീറ്റർ, അഡീഷണൽ ഡിഎംഒ ഡോ. മോഹൻദാസ്, ടെക്നിക്കൽ അസിസ്റ്റന്റുമാർ ശംഭു ഡി കെ, ജോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.