ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന് കരുതി തദ്ദേശസ്വയംഭരണ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല
ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് അടുത്ത വർഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ തുടങ്ങി.
ഈ മാസം 21 വരെ വോട്ടർമാർക്ക് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. അതുപോലെ മരണപ്പെട്ടവരുടെയും മറ്റും പേരുകൾ ഒഴിവാക്കാനും വോട്ടർ പട്ടികയിലെ പേര് നിലവിൽ താമസിക്കുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റാനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റാനും മറ്റും ഇക്കാലയളവിൽ
സാധിക്കും.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന് കരുതി 2025 ൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല. രണ്ടും പൂർണമായും വെവ്വേറെ വോട്ടർ പട്ടികകളാണ്.
ഈ മാസം ആറിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചത്.
കരട് വോട്ടർ പട്ടികയുടെ കോപ്പി
അതാത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ
പരിശോധനയ്ക്ക് ലഭിക്കും. ഇത് പരിശോധിച്ചശേഷം പട്ടികയിൽ പേര് ഇല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ www.sec.kerala.gov.in ൽ കയറി Citizen Registration എന്ന ലിങ്കിൽ പ്രവേശിച്ചു വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രേഖകളുമായി നേരിട്ടുചെന്നും
പേര് ചേർക്കാവുന്നതാണ്.
പുതിയ പേരുകൾ കൂട്ടിച്ചേർത്തും ഒഴിവാക്കേണ്ടത് ഒഴിവാക്കിയതിനും ശേഷമുള്ള പുതുക്കിയ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറിൽ വ്യാഴാഴ്ച ചേർന്ന
രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് പാർട്ടികളുടെ സഹകരണം കളക്ടർ അഭ്യർത്ഥിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന് കരുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനുള്ള വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം എന്നില്ല എന്ന കാര്യം കളക്ടർ പ്രത്യേകം ഓർമിപ്പിച്ചു. രണ്ട് വോട്ടർ പട്ടികയും ഒന്നാണെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്. ഓരോരുത്തരും കരട് വോട്ടർ പട്ടിക പരിശോധിച്ച് പേരില്ലെങ്കിൽ പേര് ചേർക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണം.
വോട്ടർ പട്ടിക കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കാൻ എല്ലാ പിന്തുണയും പാർട്ടികൾ വാഗ്ദാനം ചെയ്തു.
2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ ആർക്കും തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
നാലിടത്ത് ഉപതെരഞ്ഞെടുപ്പ്
കോഴിക്കോട് ജില്ലയിൽ നാലിടത്താണ് ഉപതെരെഞ്ഞടുപ്പ് നടക്കാനുള്ളത്.
തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ രണ്ടാം വാർഡ് (പാറക്കടവ്), ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (തെരുവത്തുകടവ്), ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (മാങ്ങാട് ഈസ്റ്റ്), കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (മാട്ടുമുറി) എന്നിവയാണിത്.
യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ഡോ. ശീതൾ ജി മോഹന് പുറമെ കോൺഗ്രസ്, സിപിഐ, മുസ്ലിം ലീഗ്, ആർജെഡി, എൻസിപി, ജെഡിഎസ്, എസ്പി, സിഎംപി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ശിവസേന രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തു.